കട്ടപ്പന: ജനാധിപത്യ കേരള കോൺഗ്രസിന്റെ കേരള കോൺഗ്രസ് (എം) ലയന പ്രഖ്യാപനം ഇന്ന് നടക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് മൂവാറ്റുപുഴയിൽ ചേരുന്ന സമ്മേളനത്തിൽ ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് ലയന പ്രഖ്യാപനം നടത്തും. കൊറോണ വൈറസ് ബാധയെ തുടർന്ന് പൊതുപരിപാടികൾക്ക് നിയന്ത്രണമുള്ളതിനാൽ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയോടെയാണ് യോഗം ചേരുന്നത്. ലയനത്തെക്കുറിച്ച് മാസങ്ങൾക്ക് മുമ്പേ ചർച്ചകൾ ആരംഭിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പൊതുതീരുമാനത്തെ തുടർന്നാണ് ലയിക്കാൻ തീരുമാനിച്ചത്. മുമ്പ് യു.ഡി.എഫിന്റെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് മുന്നണി വിട്ട് പാർട്ടി രൂപീകരിക്കുമ്പോഴുള്ള അതേ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു സ്റ്റീഫൻ, ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ് എന്നിവർ കട്ടപ്പനയിൽ പറഞ്ഞു. ഐക്യ കേരള കോൺഗ്രസാണ് ലക്ഷ്യമെങ്കിലും എൽ.ഡി.എഫിൽ നിന്നു താഴെത്തട്ടിലുള്ള ഭാരവാഹികൾക്കും പ്രവർത്തകർ അവഗണന നേരിടേണ്ടിവന്നിട്ടുണ്ട്. കർഷകരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിയുന്ന പാർട്ടിയായി കേരള കോൺഗ്രസിനെ മാറ്റുകയാണ് ലക്ഷ്യം. 280 അംഗ സംസ്ഥാന കമ്മിറ്റിയിലെ 240 പേരും 14 ജില്ലാ പ്രസിഡന്റുമാരിൽ 10 പേരും സംസ്ഥാന ഉപദേശക സമിതിയിലുള്ള രണ്ടുപേരും കെ. ഫ്രാൻസിസ് ജോർജിനൊപ്പമാണ്. കൂടാതെ ഏഴ് ജനറൽ സെക്രട്ടറിമാർ, ആറ് സെക്രട്ടറിമാർ, യൂത്ത് ഫ്രണ്ട്, കർഷക യൂണിയൻ, വനിത കോൺഗ്രസ്, കെ.എസ്.സി, ദളിത് ഫ്രണ്ട്, അധ്യാപക സംഘടന തുടങ്ങിയ പോഷക സംഘടന പ്രസിഡന്റുമാരും 90 ശതമാനം സംസ്ഥാനജില്ലാ ഭാരവാഹികളും ലയനത്തെ സ്വാഗതം ചെയ്തിട്ടുള്ളവരാണെന്നും നേതാക്കൾ അറിയിച്ചു. സംസ്ഥാന സെക്രട്ടറി ബേബി പതിപ്പള്ളി, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, സംസ്ഥാന സെക്രട്ടറിയേറ്റംഗം സാജു പട്ടരുമഠം, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജോസഫ് മേപ്പുറം, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ജോർജ്, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഭിലാഷ് പി. ജോസഫ് എന്നിവരും പങ്കെടുത്തു.