മറയൂർ: ടൗണിലും പരിസര പ്രദേശങ്ങളിലും വാനരശല്യത്താൽ ജനജീവിതം ദുസഹമായി. മറയൂരിലെ പ്രധാന കൃഷിയായ കരിമ്പ് ഒടിച്ച് തിന്നുന്നതും ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി പഴം, പച്ചക്കറി പലഹാരങ്ങൾ എന്നിവ എടുത്ത് കൊണ്ട് പോകുന്നത് തടയാൻ കഴിയാതെ വീർപ്പുമുട്ടുകയാണ് കർഷകരും വ്യാപാരികളും. വ്യാപാര സ്ഥാപനങ്ങളിൽ സ്ത്രീകൾ ഒറ്റയ്ക്കാണെങ്കിൽ അവരെ ഭയപ്പെടുത്തിയാണ് വാനരൻമാർ ഭക്ഷണസാധനങ്ങൾ എടുത്ത് കൊണ്ട് പോകുന്നത്. വീട്ടുവളപ്പുകളിൽ അടുക്കളതോട്ടമായി വച്ച് പിടിപ്പിക്കുന്ന പച്ചക്കറി കൃഷിയും വാനരസേനയുടെ ആക്രമണത്തിൽനശിക്കുകയാണ്. ഈ സാഹചര്യത്തിൽ വീട്ടമ്മമാർ അടുക്കള തോട്ടം പോലും ഉപേക്ഷിച്ച നിലയിലാണ്. ചിന്നാർ വനാതിർത്തിയോടും മറയൂർ ചന്ദന ഡിവിഷനിലെ ചന്ദന റിസർവ് 52നോടും ചേർന്നാണ് മറയൂർ ടൗൺ സ്ഥിതിചെയ്യുന്നത്. മുൻകാലങ്ങളിൽ വാനരന്മാർ ധാരാളം ഉണ്ടായിരുന്നെങ്കിലും ടൗണിലും സമീപത്തുള്ള വീടുകളിലും കൃഷിയിടങ്ങളിലും നാശനഷ്ടം ഉണ്ടാക്കിയിരുന്നില്ല.
ശല്യക്കാരായ വാനരന്മാർ തമിഴ്‌നാട്ടിൽ നിന്ന് എത്തിയതാണെന്ന് പറയുന്നു. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്തരെയും പരിസരത്തുള്ള വ്യാപാരികളെയും ശല്യം ചെയ്ത് സഹിക്കാൻ പറ്റാത്ത സാഹചര്യത്തിൽ തമിഴ്‌നാട് വനം വകുപ്പ് വാനരന്മാരെ കൂട് വച്ച് പിടികൂടി അതിർത്തി പ്രദേശമായ ആനമല ടൈഗർ റിസർവിന്റെ ഭാഗമായ ചിന്നാറിൽ കൊണ്ടുവന്ന് വിട്ടതാണ്. തെക്കൻ കേരളത്തിൽ ഇത്തരത്തിൽ കുഴപ്പക്കാരായ വാനരൻമാരെ പിടികൂടി കുളത്തൂപ്പുഴ വനത്തിൽ കൊണ്ട്വിടുകയാണ് പതിവ്. തെങ്ങിൽകയറി തേങ്ങ ഇടുക, വീടുകളുടെ ഓട് കല്ലിനെറിഞ്ഞ് പൊട്ടിക്കുക, അയയിൽ ഉണ.ക്കാനിടുന്ന വസ്ത്രം
എടുത്ത്കൊണ്ട്പോയി വലിച്ച്കീറി കളയുക തുടങ്ങി സ്ഥിരം ശല്യക്കാരെയാണ് ഇങ്ങനെ കുളത്തൂപ്പുഴ വനത്തിൽ തള്ളുന്നത്. അവർ തനിസ്വഭാവം അവിടെയും കാണിക്കും. വനാർതിർത്തിയിലെത്തി പരമാവധി ദ്രോഹം നാട്ടുകാർക്ക് ചെയ്യുക പതിവാണ് . ഇതേ സ്വഭാവക്കാരാണ് മറയൂരിലും വന്നിരിക്കുന്നത്.
വാനരന്മാരുടെ ദേഹത്ത് പരിക്കേറ്റ പാടുകൾ ധാരാളം കാണാം. മറയൂർ മേഖലയിൽ വർഷങ്ങളായുള്ള വാനരന്മാർ ജനവാസ കേന്ദ്രത്തിൽ എത്തിയാലും ജനങ്ങളോട് ഇടപഴകുകയോ ഉപദ്രവിക്കുകയോ ചെയ്യാറില്ല. എന്നാൽ തമിഴ്‌നാട്ടിൽ ജനങ്ങളുമായി അടുത്തിടപഴകി ഉപദ്രവകാരികളായ ഭയപ്പാട് മാറിയ വാനരന്മാരാണ് ഇവിടെയും അതേരീതിയിൽ ശല്യപ്പെടുത്തുന്നത്. ഇത്തരത്തിൽ എത്തിച്ചേർന്ന വാനരന്മാരെ ജനവാസ മേഖലയിലേയ്ക്ക് വരാതെ ഉൾവനത്തിൽ കൊണ്ടുപോയി വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.