തൊടുപുഴ: വിദ്യാലയങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചാൽ അദ്ധ്യാപകർ സ്‌കൂളുകളിൽ ഹാജരാകണമെന്ന അറിയിപ്പ് തീർത്തും അനുചിതവും നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധവുമാണെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി . തസ്തിക വെട്ടിക്കുറയ്ക്കൽ ഉൾപ്പെടെ സർക്കാർ തുടർന്നു വരുന്ന അദ്ധ്യാപക ദ്രോഹ നടപടികളുടെ തുടർച്ചയാണ് ഈ തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നത്. സർക്കാരോ കളക്ടർമാരോ അവധി പ്രഖ്യാപിച്ചാൽ അദ്ധ്യാപകർ വിദ്യാലയങ്ങളിൽ ഹാജരാകേണ്ടതില്ലെന്ന ഉത്തരവ് നിലനിൽക്കെയാണ് ഇതിന് വിരുദ്ധമായ തീരുമാനം ഉണ്ടായത്. അദ്ധ്യാപകരെ അപഹസിക്കുന്ന ഈ തീരുമാനം പിൻവലിക്കാൻ തയ്യാറാകണമെന്നും കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എം. ഫിലിപ്പച്ചൻ, സെക്രട്ടറി ഷെല്ലി ജോർജ്, ബിജു ജോസഫ്, വി.ഡി. അബ്രാഹം, പി.കെ. കിങ്ങിണി, ജോളി മുരിങ്ങമറ്റം, കെ.ആർ. ഉണ്ണികൃഷ്ണൻ നായർ, സി.കെ മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.