ഇടുക്കി: മുഖാവരണം, ശുചീകരണ വസ്തുക്കൾ വിൽക്കുന്ന കടകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 16 കടകൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് നടപടിയെടുത്തു. 121 വ്യാപാര സ്ഥാപനങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. മെഡിക്കൽ സ്റ്റോറുകൾ കൂടാതെ സർജിക്കൽ ഷോപ്പുകൾ സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലും പരിശോധനകൾ നടത്തി. പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമം ലംഘിച്ച വിൽപനശാലകൾക്കെതിരെയാണ് നടപടി. പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കൺട്രോളർ ജെ.സി. ജീസൺ അറിയിച്ചു. മിന്നൽ പരിശോധനയ്ക്ക് ഇടുക്കി ജില്ലയിൽ ഇ.പി.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

മാസ്കെത്തി നാലിരട്ടി വിലയിൽ

കൊറോണ വൈറസ് ബാധയെ തുടർന്ന് ലഭ്യത കുറഞ്ഞ മാസ്കുകൾ വീണ്ടും മെഡിക്കൽ സ്റ്റോറുകളിൽ തിരിച്ചെത്തി. നേരത്തെയുണ്ടായിരുന്നതിന്റെ നാലിരട്ടി വിലയിലാണ് വിൽപ്പന. നാല് രൂപയ്ക്ക് വിറ്റിരുന്ന മാസ്ക് ഇപ്പോൾ 25- 30 രൂപ വിലയ്ക്കാണ് കടകളിൽ വിൽക്കുന്നത്. തങ്ങൾക്ക് മൊത്തക്കച്ചവടക്കാർ നൽകുന്ന വിലയാണിതെന്നും ഞങ്ങൾ വില കൂട്ടിയിട്ടില്ലെന്നും ചെറുകിട കച്ചവടക്കാർ പറയുന്നു. അതേസമയം കൊള്ള വിലയിലും നിരവധിപേരാണ് മാസ്കുകൾ തേടിയെത്തുന്നത്.