ഇടുക്കി: ജില്ലയിൽ പുതിയതായി ഏഴ് പേർ കൂടി കോവിഡ്​- 19 നിരീക്ഷണത്തിൽ. ഒരാൾ ഇറ്റലിയിൽ നിന്നും ആറു പേർ മലേഷ്യയിൽ നിന്നുമുള്ളവരാണ്. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 61 ആയി. നിലവിൽ ഐസൊലേഷൻ വാർഡിൽ ആരും കഴിയുന്നില്ല. 61 പേരും വീടുകളിലാണ് കഴിയുന്നത്. പൊതുജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റുന്നതിനായി തൊടുപുഴ നഗരസഭയുടെയും ജില്ലാ ആശുപത്രിയുടെയും നേതൃത്വത്തിൽ തൊടുപുഴ നഗരസഭാ പരിധിയിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തി. പരിപാടിയുടെ ഫ്ളാഗ് ഒഫ് ജില്ലാ ആശുപത്രിയിൽ തൊടുപുഴ നഗരസഭാ ആക്ടിംഗ് ചെയർമാൻ എം.കെ. ഷാഹുൽ ഹമീദ് നിർവഹിച്ചു. കൊറോണ നോഡൽ ഓഫീസർ ഡോ. ജോസ്‌മോൻ. പി. ജോർജ് ബോധവത്കരണ ക്ലാസ് നയിച്ചു.

ബന്ധപ്പെടുക

കോവിഡ്​- 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് എത്തിയവരും രോഗം ഉണ്ടെന്ന് സംശയിക്കുന്നവരും നേരിട്ട് ആശുപത്രിയിൽ വരേണ്ടതില്ല. അവർ ഏറ്റവും അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിലോ (ദിശ 1056) 04862233130, 04862233111 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

വിനോദസഞ്ചാരികളെ ശ്രദ്ധിക്കണം

കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്ന് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് രോഗബാധ ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ജില്ലയിലെ റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവയിൽ ബുക്കിംഗുകൾ അനുവദിക്കാവൂവെന്ന് ജില്ലാകളക്ടർ ഉത്തരവിട്ടു. ഏത് രാജ്യത്തു നിന്നുള്ള വിനോദസഞ്ചാരികളാണ് എന്നുള്ള വിവരം അവരുടെ പാസ്‌പോർട്ട്, മറ്റ് രേഖകൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട ഹോട്ടൽ/ റിസോർട്ട് ഉടമകൾക്കാണ്.