മുട്ടം: മലങ്കര ഹില്ലി അക്വാ കുപ്പിവെള്ള ഫാക്ടറിക്ക് സമീപം തുരുത്തേൽ പാലത്തിനോട് ചേർന്നുള്ള റോഡ് ഇടിഞ്ഞ് അപകട ഭീഷണിയിലായി.തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയുടെ ഭാഗമായിട്ടുള്ള ഈ റോഡ് വഴി ചെറുതും വലുതുമായ അനേകം വാഹനങ്ങളാണ് നിത്യവും കടന്ന് പോകുന്നത്. ഓരോ ദിവസം കഴിയുന്തോറും റോഡ് കൂടുതൽ ഇടിയുന്നതിനാൽ അപകട സാദ്ധ്യത ഏറുകയാണ്. ആശങ്കാജനകമായി പാലത്തിന്റെ കൈവരിക്ക് അപ്പുറത്തേക്കും ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ഇടിയുകയാണ്. മഴക്കാലം ആരംഭിച്ചാൽ കൂടുതൽ ഇടിയാൻ സാദ്ധ്യതയുണ്ട്. പാലത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി നിർബന്ധമായും സ്ഥാപിക്കേണ്ട സംരക്ഷണ കവചം ഇവിടെയില്ല. പാലത്തിൽ നിന്ന് അല്പം മാറി യാതൊരു ഉറപ്പും ഇല്ലാതെ മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന കോൺക്രീറ്റ് കല്ല് ഇളകിയാടുന്നുമുണ്ട്. കളക്ടർ, പൊതു മരാമത്ത് അധികൃതർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ ഇത് വഴി നിത്യവും കടന്ന് പോകുന്നുണ്ടെങ്കിലും റോഡിന്റെ അപകട സാധ്യത ഇല്ലാതാക്കാൻ ഒരു നടപടിയുമെടുക്കുന്നില്ല.