pola
ഇരുപതേക്കറിനുസമീപം കട്ടപ്പനയാറിൽ ആഫ്രിക്കൻ പോള നിറഞ്ഞപ്പോൾ

കട്ടപ്പന: തുടർച്ചയായ രണ്ടാംവർഷവും കട്ടപ്പനയാറിൽ ആഫ്രിക്കൻ പോളകൾ നിറഞ്ഞു. അസോള ഇനത്തിൽപെട്ട പോളകൾ ഇരുപതേക്കർ പാലത്തിനു സമീപം 50 മീറ്ററോളം ദൂരത്തിൽ വ്യാപിച്ചതോടെ കട്ടപ്പനയാറിലെ നീരൊഴുക്ക് നിലച്ചുതുടങ്ങി. ആറിലെ പലമേഖലകളും പോള പൂർണമായി മൂടിക്കഴിഞ്ഞു. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ നിരവധി കുടുംബങ്ങളുടെ ആശ്രയമായ കട്ടപ്പനയാറിനെ പോള വിഴുങ്ങുന്നത് സ്ഥിതി രൂക്ഷമാക്കും. ജലാശയങ്ങളിലെ ധാതുലവണങ്ങളെയും സ്വാഭാവിക നീരൊഴുക്കിനെയും മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കുന്നതാണ് ആഫ്രിക്കൻ പോളകൾ. വെള്ളത്തിന്റെ പ്രതലത്തിൽ വളരെവേഗത്തിൽ വരുന്ന ഇവ ഒരാഴ്ചകൊണ്ട് ഇരട്ടിയാകും. സൂര്യപ്രകാശം കടക്കാതെ വെള്ളത്തിൽ ഓക്‌സിജന്റ അളവ് കുറഞ്ഞ് ജലജീവികൾ ചത്തൊടുങ്ങും. നീരൊഴുക്ക് കുറയുന്നതോടെ കൊതുകുകൾ മുട്ടയിട്ട് പെരുകാനും ഇടയാക്കും. ഇരുപതേക്കർ പാലത്തിനടിയിലൂടെ ഒഴുകുന്ന കട്ടപ്പനയാറിനെയാണ് തീരപ്രദേശങ്ങളിലുള്ളവർ ദൈനംദിന ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ കൂടുതൽ സ്ഥലങ്ങളിലേക്കു പോള വ്യാപിച്ചുകഴിഞ്ഞു. കൂടാതെ വെള്ളത്തിന് നിറവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ജൂലായിൽ സമാന രീതിയിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ ആഫ്രിക്കൻ പോള വളർന്നിരുന്നു. തുടർന്ന് നഗരസഭ അധികൃതർ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവ നീക്കം ചെയ്യാൻ ആരംഭിച്ചത്. പിന്നീടുണ്ടായ കാലവർഷത്തിൽ പോള ഒഴുകിപ്പോകുകയായിരുന്നു.