മൂലമറ്റം: രണ്ട് പ്രളയങ്ങൾ മൂലം പൂർണമായും തകർന്ന കോട്ടമല റോഡ് നന്നാക്കാൻ കോടതിയുടെ ഇടപെടൽ. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എം.കെ. ജോർജ് മനയാനിക്കൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നാണ് റോഡ് നന്നാക്കാൻ പൊതുമരാമത്ത് ചീഫ് എൻജിനീയർക്ക് ഹൈക്കോടതി നിർദേശം നൽകിയത്. കൂടാതെ പൊതുപ്രവർത്തകനായ എം.ഡി. ദേവദാസിന് പൊതുമരാമത്ത് വകുപ്പ് നൽകിയ കത്തും തെളിവായി സ്വീകരിച്ചു. രണ്ട് വർഷം മുമ്പ് പ്രളയത്തിൽ ഭാഗികമായ തകർന്ന റോഡ് കഴിഞ്ഞ മഴക്കാലത്ത് പൂർണമായും ഒലിച്ചുപോയിരുന്നു. റോഡിന്റെ ഇരുവശവും കടക്കാൻ താത്കാലികമായി ഇരുമ്പുപാലം മാത്രമാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. മൂലമറ്റം കോട്ടമല റോഡിൽ മുലമറ്റത്ത് നിന്ന് എട്ട് കിലോമീറ്റർ റോഡിലെ തകരാറുകൾക്ക് ഇതോടെ പരിഹാരമാകും. പൊതുമരാമത്ത് വകുപ്പ് റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് നടപടികൾ പൂർത്തീകരിച്ചിട്ട്‌ 20 വർഷം പിന്നിട്ടെങ്കിലും ഒന്നും നടന്നില്ല. സ്‌കൂൾ കുട്ടികളും പ്രായമായവരുമടക്കം നൂറുകണക്കിനാളുകൾ ദിനംപ്രതി സഞ്ചരിക്കുന്ന ഈ റോഡ് തകർന്നിട്ട് ജനപ്രതിനിധികൾ ആരും ഒരു നടപടിയും സ്വീകരിക്കാത്തതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

നാല് പതിറ്റാണ്ടിന്റെ സ്വപ്നം

അറക്കുളം പഞ്ചായത്തിന്റെ നാല് പതിറ്റാണ്ടു നീണ്ട സ്വപ്നമാണ് കോട്ടമല റോഡ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 40 വർഷങ്ങൾക്ക് മുമ്പ് പലഘട്ടങ്ങളായി കോട്ടമല വരെ മൺറോഡ് പൂർത്തിയാക്കിയിരുന്നു. രണ്ട് വർഷത്തിനുള്ളിൽ റോഡ് പൂർത്തിയാക്കാമെന്ന ഉറപ്പിൽ പൊതുമരാമത്ത് വകുപ്പ് പ്രീക്വാളിഫൈഡ് ടെൻഡറാണ് നൽകിയത്. എന്നാൽ 20 വർഷം പിന്നിട്ടിട്ടും റോഡ് ഇനിയും യാഥാർത്ഥ്യമായില്ല. 10.3 കിലോമീറ്റർ ദൂരമാണ് റോഡിനുള്ളത്. ജലന്തർ, പൊട്ടൻ പടി, ആശ്രമം, ചേറാടി, മേമുട്ടം, ചക്കിമാലി, മുല്ലക്കാനം, കപ്പക്കാനം, ഉറുമ്പുള്ള് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾക്ക് മൂലമറ്റത്തിന് എത്താനുള്ള എളുപ്പ വഴിയാണ് ഈ റോഡ്.