നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് നഗരസഭയുടെ കത്ത്
കട്ടപ്പന: കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം തണ്ടപ്പേർ റദ്ദാക്കിയ ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കുന്ന നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കെട്ടിടത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന നഗരസഭ ഇടുക്കി തഹസിൽദാർക്കും കട്ടപ്പന വില്ലേജ് ഓഫീസർക്കും കത്ത് നൽകിയിരുന്നു. എന്നാൽ കെട്ടിടം ഉൾപ്പെടുന്ന ഭൂമിയിലെ തൽസ്ഥിതി തുടരാനാണ് ഹൈക്കോടതി ഉത്തരവ്. ഫെബ്രുവരി 19നാണ് കെട്ടിടം നിർമിച്ച സ്ഥലത്തിനു വ്യാജമായി സമ്പാദിച്ച തണ്ടപ്പേർ കളക്ടർ എച്ച്. ദിനേശൻ റദ്ദാക്കിയത്. തുടർന്ന് ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നതിനിടെയാണ് കെട്ടിട ഉടമ ഹൈക്കോടതിയെ സമീപിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് നഗരസഭ സെക്രട്ടറി തഹസിൽദാർക്കും വില്ലേജ് ഓഫീസർക്കും കത്ത് നൽകിയത്. എന്നാൽ ബുധനാഴ്ച രാവിലെ ഹൈക്കോടതി ഉത്തരവ് ഇരുവർക്കും ലഭിച്ചിരുന്നു. തുടർ നടപടികൾ കളക്ടറുമായി ആലോചിച്ച് സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.
കട്ടപ്പന സ്വദേശി ലൂക്ക ജോസഫാണ് കട്ടപ്പന മുൻ വില്ലേജ് ഓഫീസറുടെ സഹായത്തോടെ മറ്റൊരു ഭൂമിയുടെ തണ്ടപ്പേർ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഭൂമിക്കുവേണ്ടി കൃത്രിമമായി സമ്പാദിച്ചത്. തട്ടിപ്പിന് ഒത്താശ ചെയ്ത നെടുങ്കണ്ടം ഡെപ്യൂട്ടി തഹസിൽദാറും മുൻ കട്ടപ്പന വില്ലേജ് ഓഫീസറുമായ ആന്റണി ജോസഫിനെ ഫെബ്രുവരി 13ന് കളക്ടർ സസ്‌പെൻഡ് ചെയ്തിരുന്നു. വാഴവര ഗണപതിപ്ലാക്കൽ സിബിക്കുട്ടി സെബാസ്റ്റ്യന്റെ ഭൂമിയുടെ തണ്ടപ്പേരാണ് മുൻ വില്ലേജ് ഓഫീസർ, ലൂക്ക ജോസഫിന്റെ വസ്തുവിനായി മാറ്റി കരമടച്ച് നൽകിയത്. സിബിക്കുട്ടി 2006ൽ കട്ടപ്പന ഗുരുമന്ദിരത്തിന് സമീപം വാങ്ങിയ ഭൂമിക്ക് 2010 വരെ കരം അടച്ചിരുന്നു. തുടർന്നുള്ള ഏതാനും വർഷം കരമടയ്ക്കൽ മുടങ്ങി. പിന്നീട് 2010ലെ കരം അടച്ച രസീതുമായി സ്‌പെഷ്യൽ ടൗൺഷിപ്പ് തണ്ടപ്പേരിൽ കരം അടയ്ക്കാൻ വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ ആ തണ്ടപ്പേരിൽ ഭൂമിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. സിബിക്കുട്ടിയുടെ പരാതിയിൽ വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ ഇതേ തണ്ടപ്പേരിൽ മറ്റൊരു ഭൂമിക്ക് ലൂക്ക ജോസഫ് കരമടക്കുന്നതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. സിബിക്കുട്ടിയുടെ പേരിലുണ്ടായിരുന്ന തണ്ടപ്പേർ കീറിമാറ്റി ലൂക്കാ ജോസഫിന്റെ പേരിൽ തണ്ടപ്പേർ ഒട്ടിച്ചുവയ്ക്കുകയായിരുന്നു.