ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വഴികാട്ടിയായ കൊലുമ്പന്റെ സ്മാരക നിർമ്മാണം വീണ്ടും നിലച്ചു. ഏഴുവർഷം മുമ്പ് കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോൾ 75 ലക്ഷം രൂപ നിർമ്മാണത്തിന് അനുവദിച്ചിരുന്നതാണ്. വെള്ള പാറയിൽ നിന്ന് ചെറുതോണി അണക്കെട്ടിലേയ്ക്കുള്ള പ്രവേശനകവാടത്തിൽ കൊലുമ്പന്റെ സമാധി സ്ഥലത്ത് സന്ദർശകർക്ക് കാണുന്നതിനായാണ് പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. ആദിവാസികൾ സ്ഥിരമായിവിടെ വിളക്ക് തെളിയിച്ചിരുന്നതാണ്. വനത്തിലേയ്ക്ക് പോകുന്നതിന് മുമ്പ് കൊലുമ്പന്റെ സമാധിയ്ക്കരികിൽ കാണിക്കയർപ്പിച്ച് പ്രാർത്ഥിച്ചശേഷമാണ് പോയിരുന്നത്. പിൻതലമുറക്കാരുടെ ആഗ്രഹ പ്രകാരമാണ് പ്രതിമ നിർമിക്കുന്നതിന് തീരുമാനിച്ചിരുന്നത്. തുകയനുവദിച്ച് സാംസ്‌കാരിക വകുപ്പിന് ഇതിന്റെ നിർമാണച്ചുമതല നൽകുകയും തുക കൈമാറുകയും ചെയ്തിരുന്നതാണ്. എന്നാൽ ഏഴുവർഷം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കിയിട്ടില്ല. സമാധി സ്ഥലത്ത് ചുറ്റുമതിലുകൾ പണിയുകയും പ്രതിമ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇവയെല്ലാം പടുത ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. പെയിന്റിംഗ് ജോലികളും പൂർത്തിയാക്കിയിട്ടുണ്ട്. ഇനിയും കൽവിളക്കും വൈദ്യുതി വിളക്കും കൂടി സ്ഥാപിക്കുന്നതിന് ഫണ്ടില്ലാത്തതിനാലാണ് ഉദ്ഘാടനം വൈകുന്നതെന്ന് പറയപ്പെടുന്നു. ഇടുക്കി എം.എൽ.എ, എ.ഡി.എം, സമീപ പഞ്ചായത്ത് പ്രസിഡന്റുമാർ, ഊരമൂപ്പൻ എന്നിവരടങ്ങുന്ന നിർമാണകമ്മറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും കമ്മിറ്റി കൂടുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കൊലുമ്പന്റെ സ്മാരകം ഉടൻ ഉദ്ഘാടനം ചെയ്തില്ലെങ്കിൽ വഴിതടയലുൾപ്പെടെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പാറേമാവ് കോളനി നിവാസികൾ പറയുന്നു.