കട്ടപ്പന: ബൈക്ക് അപകടത്തിൽ മരിച്ച യുവ ക്രിക്കറ്റ് താരത്തിനു നാടിന്റെ ആദരാഞ്ജലി. സംസ്‌കാരച്ചടങ്ങിൽ സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേർ പങ്കെടുത്തു. ചൊവ്വാഴ്ച രാത്രി മുട്ടം കുരിശുപള്ളിക്കവലയിലുണ്ടായ അപകടത്തിലാണ് കട്ടപ്പന വലിയപാറ വള്ളോമാലിൽ ജയ്‌മോൻഎൽസി ദമ്പതികളുടെ മകനായ നിർമൽ(19) മരിച്ചത്. കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലെ മികച്ച ഫാസ്റ്റ് ബൗളറും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരഞ്ഞെടുക്കപ്പെട്ട ഏക കളിക്കാരനുമായിരുന്നു നിർമൽ. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൃതദേഹം വലിയപാറയിലെ വീട്ടിലെത്തിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിനാളുകളാണ് വീട്ടിലും പള്ളിയിലുമായി അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. തുടർന്ന് ഇന്നലെ രാവിലെ കട്ടപ്പന സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മൃതദേഹം സംസ്‌കരിച്ചു.