നെടുങ്കണ്ടം: ഈട്ടിത്തടികൾ മുറിച്ചു കടത്തിയ കേസിൽ അറസ്റ്റ് ചെയ്യാൻ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ പ്രതി വാക്കത്തി വീശി. സംഘർഷത്തിൽ നാല് വനം വകുപ്പ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. ശാരീരിക അസ്വസ്ഥതകളെ തുടർന്നു പ്രതിയും ആശുപത്രിയിലാണ്. മൂവാറ്റുപുഴ സ്വദേശി കബീറാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ വാക്കത്തി വീശിയത്. ഇതിനിടെ ഒരു സംഘമാളുകൾ ചേർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. മൂവാറ്റുപുഴ പൊലീസെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. ഇതിനിടെയാണ് കബീറിനു ദേഹാസ്വസ്ഥ്യവും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരീക്കുമേറ്റത്. പരുക്കേറ്റ കുമളി റെയിഞ്ച് ഓഫിസർ കെ.വി. രതീഷ് ഉദ്യോഗസ്ഥരായ വൈ. മുഹമ്മദ് റഷീദ്, ബിനോയി സെബാസ്റ്റ്യൻ, പി.ആർ. സുധീഷ് എന്നിവർ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കബീർ തൊടുപുഴയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് ഒരാളെ അറസ്റ്റു ചെയ്തു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കൈലാസപ്പാറ ചുരുളിമണിയുടെ പുരയിടത്തിൽ നിന്നും രണ്ട് മരങ്ങൾ മുറിച്ചു നീക്കിയതായി കഴിഞ്ഞ ദിവസം വനം വകുപ്പിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നു വനം വകുപ്പ് ഫ്ളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ മരങ്ങൾ മുറിച്ചതായി കണ്ടെത്തി. തടി കടത്താൻ ഉപയോഗിച്ച വാഹനവും കണ്ടെത്തി. സ്ഥലത്തു നടത്തിയ പരിശോധനയിൽ ചപ്പ് ചവറുകളിട്ടു മൂടിയ നിലയിൽ ഈട്ടി തടിയുടെ കുറെ ഭാഗങ്ങളും കണ്ടെത്തി. തടി വെട്ടിയ കേസിൽ നാല് പ്രതികളെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. 10 പേർ അറസ്റ്റിലാകാനുണ്ട്. കേസിലെ മൂന്നാം പ്രതിയാണ് മൂവാറ്റുപുഴ സ്വദേശിയായ കബിർ. തടി മൂവാറ്റുപുഴയിലേക്ക് കടത്തിയത് കബീറാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.