തൊടുപുഴ: തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നീളുന്നതും കുടിവെള്ളവിതരണം മുടങ്ങിയതും സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ ബഹളം. ചർച്ചകൾക്കൊടുവിൽ എത്രയും വേഗം തെരുവുവിളക്കുകൾ നന്നാക്കാൻ നിർദേശം നൽകാമെന്ന് ആക്ടിങ് ചെയർമാൻ എം.കെ. ഷാഹുൽ ഹമീദ് ഉറപ്പുനൽകി. എൽ.ഡി.എഫ് അംഗങ്ങളായ മുൻ ചെയർപേഴ്സൺ മിനി മധുവും കെ.കെ. ഷിംനാസുമാണ് വിഷയം ഉന്നയിച്ചത്. അതിനിടെ, പുതിയ ലൈറ്റുകൾ വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടതെന്നും എൽ.ഡി.എഫ് അംഗങ്ങൾ വിഷയം വഴിതിരിച്ചു വിടുകയാണെന്നും മുൻ വൈസ് ചെയർമാൻ ടി.കെ. സുധാകരൻനായർ ആരോപിച്ചു. ഇതോടെ കൗൺസിൽ യോഗത്തിൽ ബഹളമായി. സുധാകരൻനായർ വൈസ് ചെയർമാനായിരുന്നപ്പോൾ തെരുവുവിളക്കുകൾ വാങ്ങിയതിനെക്കുറിച്ച് അന്വേഷക്കേണ്ടിവരുമെന്നും ഇപ്പോഴത്തെ ആക്ടിംഗ് ചെയർമാനാണ് പണ്ട് ആരോപണം ഉന്നയിച്ചിരുന്നതെന്നും ഷിംനാസ് പറഞ്ഞതോടെ തർക്കം മൂത്തു. പുതിയ തെരുവുവിളക്കുകൾ വാങ്ങാൻ 14 മാസം മുമ്പ് തീരുമാനമെടുത്തിരുന്നതാണെന്നും ഇതുവരെ നടപ്പായിട്ടില്ലെന്നും ആക്ടിംഗ് ചെയർമാൻ അറിയിച്ചു. നടപടിക്രമങ്ങൾ നടന്നു വരികയാണന്നായിരുന്നു അസിസ്റ്റന്റ് എൻജിനീയറുടെ മറുപടി. ആദ്യം മിനി മധുവിന്റെ വാർഡിലെ വിളക്കുകൾ നന്നാക്കുമെന്ന് ആക്ടിംഗ് ചെയർമാൻ അറിയിച്ചു.