തൊടുപുഴ: ഫ്രാൻസിസ് ജോർജ് പി.ജെ. ജോസഫിന്റെ ഗ്രൂപ്പിനോടൊപ്പം പോയതിന്റെ കാരണം അജ്ഞാതമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ. പി.സി. ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പി.ജെ. ജോസഫ് കേരള കോൺഗ്രസിന്റെ ഐക്യത്തിന് ശ്രമിച്ചത് സ്വന്തം പാർട്ടിയിൽ പിളർപ്പുണ്ടാക്കിയിട്ടാണ്. ജോസഫിന്റെ അടുത്ത ഇര ടി.എം. ജേക്കബിന്റെ മകനായിരുന്നു. അത് കഴിഞ്ഞ് ഇപ്പോൾ ജനാധിപത്യ കേരള കോൺഗ്രസായി. എൽ.ഡി.എഫിനെയും പിണറായി വിജയനെയും തള്ളിപ്പറയാൻ ജനാധിപത്യ കേരള കോൺഗ്രസിന് കഴിയില്ല. പി.ജെ. ജോസഫിന്റെ പ്രലോഭനത്തിൽ അകപ്പെട്ട് പാർട്ടി വിട്ടുപോകുന്നവർ രാഷ്ട്രീയ സത്യം തിരിച്ചറിഞ്ഞു തിരിച്ചു വരുമെന്ന് ഉറപ്പാണ്. ഫ്രാൻസീസ് ജോർജിനെ പി.ജെ. ജോസഫ് എപ്പോഴും കുഴിയിൽ ചാടിച്ചിട്ടേയുള്ളൂ. ജനം ഫ്രാൻസീസ് ജോർജിനെ കാണുന്നത് മറ്റൊരു ജോണി നെല്ലൂരായിട്ടാണ്. ഫ്രാൻസിസ് ജോർജ് കേരള കോൺഗ്രസിൽ നിന്ന് വിട്ടുപോന്നത് കെ.എം. മാണിയോടുള്ള എതിർപ്പ് കൊണ്ട് മാത്രമല്ല, മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്. വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ജോർജ് അഗസ്റ്റിൻ, തൊടുപുഴ നിയോജകമണ്ഡലം വർക്കിങ്ങ് പ്രസിഡന്റ് ടി സി ഫ്രാൻസീസ്, സംസ്ഥാന എക്സിക്കുട്ടീവ് അംഗം ജോസ് നക്കുഴിക്കാട്ട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.