തൊടുപുഴ: അശാസ്ത്രീയമായി നടപ്പിലാക്കിയ നോട്ട് നിരോധനം, ജി.എസ്.ടി, പ്രളയങ്ങൾ എന്നിവ മൂലം കടുത്ത വ്യാപാര മാന്ദ്യത്തിലും സാമ്പത്തിക പ്രതിസന്ധിയിലും പെട്ടുഴലുന്ന കേരളത്തിലെ വ്യാപാര വ്യവസായ മേഖലയ്ക്ക് കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ് കൊറോണയെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. ചെറുകിട വ്യാപാരികളും കുടുംബങ്ങളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പറ്റാതെ പട്ടിണിയിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. കടുത്ത പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്ന വ്യാപാരികളെ ഇല്ലായ്മ ചെയ്യുന്നതും ബുദ്ധിമുട്ടിക്കുന്നതുമായ സമീപനങ്ങളാണ് വിവിധ സർക്കാർ വകുപ്പുകളുടെ ഭാഗത്ത് നിന്ന് ദിവസേന ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ട് ഇത്തരം വ്യാപാരദ്രോഹ നടപടികൾ അവസാനിപ്പിക്കണം. ജി.എസ്.ടി റിട്ടേൺ സമർപ്പിക്കുന്നതിനും വിവിധ സർക്കാർ വകുപ്പുകളുടെ ലൈസൻസ് പുതുക്കുന്നതിനും ബാങ്ക് ലോണുകൾ അടയ്ക്കുന്നതിനും സാവകാശം അനുവദിക്കുക, വ്യാപാരികളുടെ മേൽ എടുത്തിട്ടുള്ള ശിക്ഷണ നടപടികൾ അവസാനിപ്പിക്കുക,​ പട്ടിണിയിലേക്ക് നീങ്ങുന്ന വ്യാപാരികളുടെയും കുടുംബങ്ങളുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും രാജു അപ്‌സര ആവശ്യപ്പെട്ടു.