ചെറുതോണി : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ വീണ്ടും റിപ്പോർട്ട് ചെയ്തതോടെ ജില്ലയിലെ വ്യാപാര മേഖല നിർജീവമായി. കോറോണ ഭീതിയിൽ സ്‌കൂളുകൾക്ക് അവധി നൽകുകയും പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ജനങ്ങൾ വിടുകളിൽ തന്നെ കഴിയുന്ന അവസ്ഥയിലായതോടെ നിരത്തുകൾ ശൂന്യമായി. ഇതോടെ വ്യാപാരികളും പ്രതിസന്ധിയിലായി. ഇടുക്കിയിൽ വനം വകുപ്പിന്റെ ബോട്ട് സവാരി കഴിഞ്ഞ ദിവസം നിറുത്തിയിരുന്നു. ഇതിന് പിന്നാലെ 15 വരെ ഇടുക്കി ഡാം സന്ദർശനാനുമതി നൽകേണ്ടെന്ന് വൈദ്യുതി വകുപ്പും തീരുമാനിച്ചു. ചെറുതോണി ടൗണിലെ പ്രധാന ഹോട്ടലുകളുൾപ്പെടെ മെയിന്റനൻസ് വർക്ക് എന്ന ബോർഡ് തൂക്കിയ ശേഷം അടച്ചിരിക്കുകയാണ്. ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള ഹിൽവ്യൂ പാർക്ക് ഇന്നലെ മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചതോടെ ജില്ലാ ആസ്ഥാന മേഖലയിലെ അവസാനത്തെ വിനോദ സാധ്യതയ്ക്കും ഷട്ടർ വീണു.