തൊടുപുഴ: മണക്കാട് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു താത്കാലിക പരിഹാരമായി. വ്യാഴാഴ്ച ആൽപ്പാറ, ചിറ്റൂർ, പെരിയാമ്പ്ര എന്നിവിടങ്ങളിലേക്കും വെള്ളം വിതരണം ചെയ്തു. ഒന്നിടവിട്ട ദിവസങ്ങളിലാണ് കുടിവെള്ള വിതരണം നടക്കുന്നത്. പൊട്ടിയ പൈപ്പുകൾ മാറ്റിയും എയർവാൽവുകളുടെ തകരാറുകൾ പരിഹരിച്ചുമാണ് കുടിവെള്ള വിതരണം വാട്ടർ അതോറിട്ടി താത്കാലികമായി പുനഃസ്ഥാപിച്ചത്. മണക്കാട് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും പ്രദേശവാസികളും ഉൾപ്പെടെ വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയറെ തടഞ്ഞു വച്ചിരുന്നു. നാലു ദിവസത്തിനുള്ളിൽ പ്രശ്നം താത്കാലികമായി പരിഹരിക്കാമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ സമരക്കാർക്ക് ഉറപ്പു നൽകിയിരുന്നു. കൂടാതെ യു.ഡി.എഫും പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നടത്തിയിരുന്നു. കരാറുകാർ സമരത്തിലായതിനാൽ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്താൻ തൊഴിലാളികളെ കിട്ടാനില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. തുടർന്ന് പീരുമേട്ടിൽ നിന്ന് എത്തിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. ബുധനാഴ്ചയോടെ ജോലികൾ താത്കാലികമായി പൂർത്തിയാക്കി മണക്കാട് ഭാഗത്തേക്ക് വെള്ളം പമ്പു ചെയ്തു നൽകി.

'താത്കാലികമായി പ്രശ്നം പരിഹരിച്ചെങ്കിലും കുടിവെള്ളക്ഷാമത്തിനു ശാശ്വതമായി പരിഹാരം ഉണ്ടാക്കേണ്ടതുണ്ട്. പുതിയ കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്തതിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന പദ്ധതി നിറുത്തലാക്കിയതാണ് കുടിവെള്ളക്ഷാമത്തിനിടയാക്കിയത്. നിലവിൽ വെള്ളം വിതരണം ചെയ്യാനുപയോഗിക്കുന്ന ജലവിതരണ ടാങ്കുകൾക്ക് ആവശ്യമായ സംഭരണ ശേഷയില്ലാത്തത് ജല വിതരണത്തെ ബാധിക്കുന്നുണ്ട്. കൂടാതെ പതിവായി പൈപ്പ് പൊട്ടുന്നതും ജലവിതരണത്തിനു തടസമാകുന്നു. ഗുണമേന്മയേറിയ പൈപ്പുകളിട്ട് മണക്കാട്, ചിറ്റൂർ, ആൽപ്പാറ ഭാഗത്തേക്ക് വെള്ളം വിതരണം ചെയ്യുന്നതിന് സംഭരണ ശേഷി കൂടിയ വാട്ടർ ടാങ്ക് സ്ഥാപിക്കണം "

-വൽസാ ജോൺ (പഞ്ചായത്ത് പ്രസിഡന്റ് )​