കട്ടപ്പന: കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ജില്ലയിൽ ഉണ്ടായത് നൂറിലധികം ഭൂചലനങ്ങൾ. 2011 മുതലാണ് ഇടുക്കിയിൽ തുടർഭൂചലനങ്ങൾ അനുഭവപ്പെട്ടുതുടങ്ങിയത്. 2011 മാർച്ച് അഞ്ചിനായിരുന്നു ആദ്യ ഭൂചലനം. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിലായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. 2011 നവംബറിലാണ് തുടർചലനങ്ങൾ ഉണ്ടായത്. മാർച്ച് മുതൽ ഡിസംബർ വരെ 26 തവണ ഭൂചലനം ഉണ്ടായി. കുളമാവ്, ഉപ്പുതറ, വാഗമൺ, കുമളി, പീരുമേട് മേഖലകളിലായിരുന്നു പ്രഭവകേന്ദ്രങ്ങൾ. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾക്കു സമീപമുണ്ടായ പ്രകമ്പനം ജനത്തെ ആശങ്കയിലാക്കി. ഇതേത്തുടർന്നാണ് മുല്ലപ്പെരിയാർ സമരം കരുത്താർജിച്ചത്. 2012 ജനുവരി 14നാണ് പിന്നീട് ഭൂചലനമുണ്ടായത്. 2012ൽ 17 തവണ ചലനം അനുഭവപ്പെട്ടു. തുടർന്ന് 2013 ഫെബ്രുവരി ഏഴു മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഒമ്പതു തവണയാണ് ഭൂമികുലുക്കം ഉണ്ടായത്. 2013 നവംബർ 13ന് ഉണ്ടായ ഭൂചലനം റിക്ടർ സ്‌കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തി. 2016 ഏപ്രിലിൽ 15ന് ഉപ്പുതറയിലുണ്ടായ ഭൂചലനം റിക്ടർ സ്‌കെയിലിൽ 1.5 തീവ്രത രേഖപ്പെടുത്തി. 2018 ഏപ്രിൽ 18ന് കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി, പേഴുംകണ്ടം മേഖലകളിൽ ഭൂചലനമുണ്ടായി. തോണിതത്തടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ ഇടുക്കി ജലസംഭരണിക്ക് ഉള്ളിലായിരുന്നു പ്രഭവകേന്ദ്രം. 2018 നവംബർ എട്ടിന് വാഗമണ്ണിൽ 2.4 തീവ്രതയിൽ ഭൂചലനം ഉണ്ടായി. കഴിഞ്ഞ ഫെബ്രുവരി 27ന് ഉച്ചയ്ക്കാണ് ഒരിടവേളയ്ക്കുശേഷം ഭൂചലനമുണ്ടായത്. അന്നുതന്നെ വൈകിട്ട് 7.15നും 7.25നും അനുഭവപ്പെട്ട ചലനങ്ങൾ 2.1 തീവ്രത രേഖപ്പെടുത്തി. 28നും തുടർചലനങ്ങളുണ്ടായി. വൈകിട്ട് 7.45ന് 1.5 തീവ്രതയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ നാലിന് രാവിലെ 7.44നുണ്ടായ ഭൂചലനം 1.4 തീവ്രത രേഖപ്പെടുത്തിയിരുന്നു. അന്നുതന്നെ നാലു തുടർചലനങ്ങൾ ഉണ്ടായെങ്കിലും പൂജ്യത്തിൽ താഴെയായിരുന്നു തീവ്രത.
'കുലുങ്ങുന്ന" ഇടുക്കി
2011 മാർച്ച് അഞ്ച്- ആദ്യ ചലനം
നവംബർ- തുടർചലനങ്ങൾ
2012 ജനുവരി 14 മുതൽ തുടർച്ചയായ ചലനങ്ങൾ
2013 നവംബർ 13ന് - റിക്ടർ സ്‌കെയിലിൽ 2.4
2016 ഏപ്രിലിൽ 15ന് ഉപ്പുതറയിൽ
2018 ഏപ്രിൽ 18ന് കാഞ്ചിയാർ പഞ്ചായത്തിൽ
2018 നവംബർ എട്ടിന് വാഗമണ്ണിൽ 2.4
2020 ഫെബ്രുവരി 27ന്-
വിറങ്ങലിച്ച് ജനം
ഇടുക്കിയിൽ ഭൂചലനങ്ങൾ തുടർക്കഥയാകുമ്പോൾ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ താഴ്‌വാരങ്ങളിൽ ആശങ്ക. തുടർചലനങ്ങളെക്കുറിച്ച് പഠനം നടത്തുമെന്ന് ഡാം സുരക്ഷ വിഭാഗം അറിയിച്ചിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ താഴ്‌വാരങ്ങളിലും വൃഷ്ടിപ്രദേശങ്ങളിലും താമസിക്കുന്നവരുടെ ഭീതിക്ക് അറുതിയില്ല. ഇപ്പോൾ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായ ഭൂചലനങ്ങൾ ഇവരുടെ ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്.