lino
ലിനോ ആബേൽ

തൊടുപുഴ: ''ഒരു പക്ഷേ ഞാൻ റിപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് അച്ചാച്ചനെ അവസാനമായി കാണാൻ പറ്റുമായിരുന്നു. രോഗമുണ്ടെങ്കിൽ എന്റെ വീട്ടിലുള്ളവർക്കും നാട്ടിലുള്ളവർക്കും അത് ഞാനായിട്ട് പടർത്തില്ലെന്ന് ഉറപ്പിച്ചത് കൊണ്ടാണിത് സംഭവിച്ചത്'' ,തൊട്ടടുത്ത് ഐസൊലേഷൻ വാർഡിൽ ഉണ്ടായിട്ടും, മരണമടഞ്ഞ പിതാവിനെ ഒരു നോക്ക് കാണാൻ കഴിയാത്ത ലിനോ ഫേസ്ബുക്കിൽ എഴുതി. കൊറോണയെ ഒറ്റക്കെട്ടായി നേരിടുന്ന മലയാളികൾക്ക് മുന്നിൽ കണ്ണീർത്തുള്ളിയായി തൊടുപുഴ ആലക്കോട് തോണില്ലേൽ ലിനോ ആബേൽ മാറി.

കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ് അച്ചാച്ചൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്ന സഹോദരന്റെ സന്ദേശം കഴിഞ്ഞ ശനിയാഴ്ചയാണ് ഖത്തറിൽ ഫോട്ടോഗ്രാഫറായ ലിനോയെ തേടിയെത്തിയത്. അന്നു രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചു. ഞായറാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോൾ ഫോം പൂരിപ്പിച്ചു നൽകി. പിന്നെ തൊടുപുഴയിലേക്കും അവിടെ നിന്ന് കോട്ടയത്തേക്കും. മെഡിക്കൽ കോളേജിലെത്തുമ്പോൾ പിതാവ് ആബേൽ ഔസേഫ് (70) വെന്റിലേറ്ററിലായതിനാൽ കാണാനായില്ല. അവിടെ നിന്ന് പുറത്തിറങ്ങുമ്പോഴാണ് ചുമയും തൊണ്ടയിൽ അസ്വസ്ഥതയും തോന്നിയത്. ഉടൻ അവിടത്തെ കൊറോണ വിഭാഗത്തിൽ ബന്ധപ്പെട്ടു. വിദേശത്ത് നിന്ന് വന്നതിനാൽ ഐസൊലേറ്റ് ചെയ്യണമെന്ന് ഡോക്ടർമാർ. പിന്നെ ലിനോയ്ക്കും രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. തിങ്കളാഴ്ച രാത്രി 10.30ന് സഹോദരന്റെ വിളി വന്നു. അച്ചാച്ചൻ എല്ലാവരെയും വിട്ടുപോയിരിക്കുന്നു. അവസാനമായി അദ്ദേഹത്തെ കാണാനാകില്ലെന്ന തിരിച്ചറിവിൽ ലിനോ പൊട്ടിക്കരഞ്ഞു. പിറ്റേദിവസം രാവിലെ മൃതദേഹ പരിശോധനയ്ക്കായി ആളുകൾ വരുന്നതും മൃതദേഹവുമായി ആംബുലൻസ് വീട്ടിലേക്ക് മടങ്ങുന്നതുമെല്ലാം നിസഹായനായി നോക്കിക്കണ്ടു. വീട്ടിൽ നിന്നുള്ള സഹോദരന്റെ വീഡിയോ കോളിൽ അവസാനമായി അച്ചാച്ചന്റെ മുഖം കണ്ടു. വെള്ളിയാഴ്ച വൈകിട്ട് കലയന്താനിയിലെ ദേവാലയത്തിൽ സംസ്‌കാര ശുശ്രൂഷകൾ നടക്കുമ്പോഴും നീറുന്ന മനസുമായി, ഫലം നെഗറ്റീവാകുമെന്ന പ്രതീക്ഷയോടെ ലിനോ മെഡിക്കൽ കോളേജിലെ നാല് ചുവരുകൾക്കുള്ളിലായിരുന്നു.

'തൊട്ടടുത്ത് ഉണ്ടായിട്ടും പിതാവിനെ അവസാനമായി കാണാൻ കഴിയാത്ത ചെറുപ്പക്കാരന്റെ അവസ്ഥ അങ്ങേയറ്റം സങ്കടകരമാണ്. തന്റെ സാമൂഹ്യബോധവും ഉത്തരവാദിത്വവുമാണ് ലിനോയെ ഈ ത്യാഗത്തിലേക്ക് നയിച്ചത്.""

​ -മുഖ്യമന്ത്രി പിണറായി വിജയൻ

(തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ)