കട്ടപ്പന: കൊറോണ ഭീതിയെത്തുടർന്ന് വിനോദ, പഠനയാത്രകൾ നിർത്തിവയ്ക്കുകയും വിവാഹച്ചടങ്ങുകൾ ലളിതമാക്കുകയും ചെയ്തതോടെ ടൂറിസ്റ്റ് ബസ് മേഖല സ്തംഭിച്ചിരിക്കുകയാണെന്ന് ടൂറിസ്റ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. ആയിരക്കണക്കിന് ഉടമകളും തൊഴിലാളികളും സാമ്പത്തിക പ്രതിസന്ധിയിലായി. തികുതിയായി അടച്ച തുകയെല്ലാം പാഴായിരിക്കുകയാണ്. ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്ത് വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും അടുത്ത ത്രൈമാസ വാഹന നികുതി ഒഴിവാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്വകാര്യ വാഹനങ്ങൾക്ക് സ്‌പെഷ്യൽ പെർമിറ്റ് നൽകുന്നത് അവസാനിപ്പിക്കണം. കൂടാതെ ജി.പി.എസ്. ഘടിപ്പിക്കുന്നതിനും കളർ കോഡ് പ്രകാരം വാഹനങ്ങൾ പെയിന്റ് ചെയ്യാനും കൂടുതൽ സമയം അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. മാണി, സുനിൽ, വിശാഖ്, സജി, കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.