കട്ടപ്പന: കോവിഡ്​- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗവും മർച്ചന്റ്‌സ് യൂത്ത് വിംഗും ചേർന്ന് ബോധവത്കരണ കാമ്പയിൻ നടത്തി. ബസ് ജീവനക്കാർ, യാത്രക്കാർ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു. ബസ് സ്റ്റാൻഡിലുണ്ടായിരുന്നവർക്ക് സൗജന്യമായി മാസ്‌കും ലഘുലേഖകളും വിതരണം ചെയ്തു. കൂടാതെ സാനിറ്ററൈസർ സ്‌പ്രേ ഉപയോഗിച്ച് കൈ കഴുകുന്ന രീതിയും വിശദീകരിച്ചു. ആളുകൾക്ക് പരിശീലിക്കാനുള്ള അവസരവും ഒരുക്കി. പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി രണ്ട് സാനിറ്ററൈസർ ഉൾപ്പെടെയുള്ള സംവിധാനവും സ്റ്റാൻഡിൽ സ്ഥാപിച്ചു. പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ഡോ. അനിൽ പ്രദീപ് വിശദീകരണവും നൽകി. നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. മർച്ചന്റ്‌സ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സിജോമോൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സി.കെ. മോഹനൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി. ജോൺ, കെ.വി.വി.ഇ.എസ് ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് എം.കെ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.