കട്ടപ്പന: കൊറോണ ഭീതിയിൽ ഓഹരി വിപണിയിലെ തകർച്ചയ്ക്ക് പിന്നാലെ ഏലക്കാ വിലയും ഇടിഞ്ഞു. ഇന്നലെ മാത്രം കുറഞ്ഞത് 417 രൂപയാണ്. കൊറോണ ഭീഷണിയെത്തുടർന്ന് കയറ്റുമതി നിലച്ചതാണ് ഇപ്പോഴത്തെ വിലയിടിവിനു കാരണം. രണ്ടാഴ്ചയിലധികമായി ഏലക്കാവിലയിൽ ചാഞ്ചാട്ടം തുടരുകയായിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപ്പെടെയുള്ള രാജ്യാന്തര കയറ്റുമതി നിലച്ചിരിക്കുകയാണ്. കൂടാതെ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളായ ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലേക്കും ഏലക്ക കയറ്റുമതി കുറഞ്ഞു. അഭൂതപൂർവമായ മുന്നേറ്റത്തിനുശേഷം വില കുത്തനെ ഇടിയുന്നത് കർഷകരുടെ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിക്കുകയാണ്. ഇന്നലെ ബോഡിനായ്ക്കന്നൂരിൽ നടന്ന സ്‌പൈസസ് ബോർഡിന്റെ ഇ-ലേലത്തിൽ കേരളത്തിൽ നിന്നുള്ള വ്യാപാരികളും തമിഴ്‌നാട്ടിലെ കച്ചവടക്കാരും തമ്മിൽ ചെറിയ വാക്കേറ്റവും ഉണ്ടായി. കൊറോണ ഭീതി ഒഴിയുന്നതുവരെ ലേലം നിർത്തിവയ്ക്കണമെന്നായിരുന്നു കേരളത്തിൽ നിന്നുള്ള വ്യാപാരികളുടെ ആവശ്യം. എന്നാൽ തമിഴ്‌നാട്ടിലെ കച്ചവടക്കാർ എതിർത്തതോടെ ലേലകേന്ദ്രത്തിൽ ചെറിയതോതിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ബോഡി പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. തുടർന്ന് നടത്തിയ ചർച്ചയിൽ ലേലം തുടരാൻ തീരുമാനിച്ചു. വാക്കുതർക്കത്തെ തുടർന്ന് രണ്ടാമത്തെ ലേലം മുക്കൽ മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. രാവിലെ നടന്ന ഗ്രീൻഹൗസ് കാർഡമം മാർക്കറ്റിംഗ് ഏജൻസിയുടെ ലേലത്തിൽ 144 ലോട്ടുകളിലായി പതിഞ്ഞ 18,174 കിലോഗ്രാം ഏലക്കായിൽ 12,875 കിലോ വിറ്റുപോയി. 2764 രൂപ ഉയർന്നവിലയും 2226.42 രൂപ ശരാശരി വിലയും രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് നടന്ന സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനിയുടെ ലേലത്തിൽ വില അൽപ്പം മെച്ചപ്പെട്ടു. ഉയർന്ന വില 3140 രൂപയും ശരാശരി വില 2439.49 രൂപയും ലഭിച്ചു. 267 ലോട്ടുകളിലായി പതിഞ്ഞ 55,988 കിലോഗ്രാം ഏലക്കയിൽ 39,325 കിലോഗ്രാം വിറ്റുപോയി.