തൊടുപുഴ: വ്യാജ ലോട്ടറി ടിക്കറ്റ് നൽകി വിൽപ്പനക്കാരനിൽ നിന്ന് പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തതായി പരാതി. മണക്കാട് കിഴക്കേത്തറയിൽ സദാശിവനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ 10ന് കോലാനി ബൈപ്പാസിൽ വച്ചാണ് സദാശിവൻ തട്ടിപ്പിനിരയായത്. ഒമ്പതിന് നറുക്കെടുത്ത വിൻവിൻ ലോട്ടറി ടിക്കറ്റിലെ നമ്പരിൽ കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. ബൈപ്പാസിൽ പമ്പിന് സമീപം സദാശിവൻ ലോട്ടറി വിൽപ്പന നടത്തുന്നതിനിടയിൽ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആളാണ് വ്യാജ ലോട്ടറികൾ നൽകിയത്. സമ്മാനമടിച്ച അഞ്ചു ടിക്കറ്റുകൾ മാറി നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. സദാശിവൻ ലോട്ടറി നോക്കിയപ്പോൾ അവസാന നാലക്ക നമ്പരിൽ 500 രൂപ വീതം അടിച്ചിരിക്കുന്നതായി കണ്ടു. തുടർന്ന് 480 രൂപ വീതം വിലയുള്ള 12 ടിക്കറ്റുകളുടെ നാലു സെറ്റുകളും ബാക്കി 580 രൂപയും നൽകി. പിന്നീട് സദാശിവൻ ലോട്ടറി വാങ്ങിയ ഏജൻസിയിൽ എത്തി സമ്മാനാർഹമായ ടിക്കറ്റുകൾ നൽകി. ഇവിടെ ടിക്കറ്റുകൾ സ്‌കാൻ ചെയ്തു നോക്കിയപ്പോഴാണ് നമ്പരിൽ കൃത്രിമം കാട്ടിയതായി വ്യക്തമായത്. വിൻ വിൻ ലോട്ടറിയുടെ ഡബ്ല്യുഇസഡ് 493862 നമ്പർ ടിക്കറ്റിലാണ് കൃത്രിമം കാട്ടിയത്. അവസാന നാലക്ക നമ്പരായ 3862 ൽ ആദ്യത്തെ മൂന്ന് ചുരണ്ടി മാറ്റി ആറ് ചേർക്കുകയായിരുന്നു. സദാശിവൻ രാവിലെ ലോട്ടറി ഏജൻസിയിൽ നിന്ന് വിൽപ്പനയ്ക്കായി കടമെടുത്ത ടിക്കറ്റാണ് ഇവർ തട്ടിയെടുത്തത്. സദാശിവന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.