പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥി ജിഷയുടെ മാതാവിന് സഹായം ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്ന് പ്രമുഖ സിനിമ നിർമ്മാതാവും ചാരിറ്റി പ്രവർത്തകനുമായ നൗഷാദ് ആലത്തൂർ "കേരള കൗമുദി"യോട് പറഞ്ഞു. ജയറാം, രമ്യാകൃഷ്ണൻ എന്നിവർ അഭിനയിച്ച ആടുപുലിയാട്ടം എന്ന സിനിമ നൗഷാദ് ആലത്തൂരിന്റെയും പങ്കാളിത്തത്തോടെയാണ് നിർമ്മിച്ചത്. ഈ സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടക്കുന്ന സമയത്താണ് പെരുമ്പാവൂരിലുള്ള നിയമ വിദ്യാർത്ഥി ജിഷ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നതും അതിനെ തുടർന്നുള്ള സംഭവ വികാസങ്ങൾ കേരളമാകെ കത്തിപ്പടരുന്നതും. ആടുപുലിയാട്ടം തിയേറ്ററിൽ വൻ വിജയമായതിനെ തുടർന്ന് ഇതിന്റെ നിർമ്മാതാക്കളായ നൗഷാദ് ആലത്തൂരും മറ്റും ചേർന്ന് ജിഷയുടെ മാതാവിന് വീട്ടിൽ ചെന്ന് ഒരു തുകയുടെ ചെക്ക് നൽകിയിരുന്നു. നടൻ ജയറാമും ഇവർക്കൊപ്പം ജിഷയുടെ വീട്ടിൽ പോയിരുന്നു.
മകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മാതാവിന്റെ അപ്പോഴത്തെ അവസ്ഥ വളരെ ദയനീയമായിരുന്നു എന്ന് അറിഞ്ഞതിനാലാണ് അവർക്ക് സഹായം നൽകിയത്. എന്നാൽ പിന്നീട് ജിഷയുടെ മാതാവിന്റെ ജീവിത രീതി ആകെ മാറിയെന്നും അവരുടെ സംസാരവും പെരുമാറ്റവും മറ്റാർക്കും ഉൾക്കൊള്ളാൻ പറ്റാത്ത വിധമായെന്നും ഇതെല്ലാം കാണുമ്പോൾ അവർക്ക് സഹായം ചെയ്യേണ്ടിയിരുന്നില്ല എന്നും പിന്നീട് തോന്നിയിട്ടുണ്ടെന്ന് കേരളകൗമുദിയോട് നൗഷാദ് ആലത്തൂർ പറഞ്ഞു.
"വൈറൽ" ഉടൻ ആരംഭിക്കും
21 വർഷമായി പ്രവാസിയായ നൗഷാദ് ആലത്തൂർ സിനിമയുയുടെ ലോകത്ത് എത്തിയിട്ട് ഏഴ് വർഷങ്ങൾ ആകുന്നതേയുള്ളു. യാദൃച്ഛികമായിട്ടാണ് ഇദ്ദേഹം സിനിമയിലേക്ക് എത്തപ്പെട്ടതും. പ്രവാസിയായിരുന്ന സമയത്ത്, സിനിമയുമായി ബന്ധപ്പെട്ട് ഒരു കാര്യവും അറിവില്ലാതിരുന്ന സമയത്താണ് ഒരു തിരക്കഥയുമായി ഒരാൾ നൗഷാദിനെ സമീപിക്കുന്നത്. മനസ്സിൽ സിനിമയോട് ഒരു താല്പര്യം ഉണ്ടായിരുന്നത് കൊണ്ട് സുഹൃത്തായിരുന്ന കലാഭവൻ നവാസിനോട് ഈ കാര്യം സംസാരിച്ചു. ആ സിനിമ ചെയ്യണമെന്ന് താല്പര്യം ഉണ്ടായിരുന്നെങ്കിലും പ്രവാസി ജീവിതത്തിന്റെ തിരക്കിനിടയിൽ അതിൽ ശ്രദ്ധിക്കാൻ പറ്റിയില്ല.പിന്നീട് കുറേ നാളുകൾക്ക് ശേഷം കലാഭവൻ നവാസ് വഴി മറ്റൊരാൾ ഒരു സ്ക്രിപ്റ്റുമായി നൗഷാദ് ആലത്തൂരിനെ സമീപിച്ചു.അതിനെ തുടർന്ന് ആ സിനിമയുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങൾ മുന്നോട്ട് പോയി. ഏകദേശം ഇരുപതോളം ദിവസം അതിന്റെ ഷൂട്ടിങ്ങും നടന്നു. പക്ഷേ; പിന്നീട് ആ സിനിമ ഉപേക്ഷിക്കേണ്ടതായും വന്നു.അതിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനായ എം പദ്മകുമാർ ഡയറക്ട് ചെയ്ത പോളിടെക്നിക്ക് എന്ന സിനിമയിൽ നൗഷാദ് മുഹമ്മദ് എന്ന പേരിൽ എക്സിക്കുട്ടീവ് പ്രൊഡ്യുസറായി.പിന്നീട് ഫഹദ് ഫാസിൽ നായകനായ ഗോഡ്സ് ഓൺ കൺട്രി എന്ന സിനിമയുടെ സഹ നിർമ്മാതാവായി.ഗോഡ്സ് ഓൺ കൺട്രി സിനിമ മുഴുവൻ പൂർത്തിയായി അതിന്റെ ടൈറ്റിൽ കാർഡെല്ലാം റെഡിയായതിന് ശേഷമാണ് നൗഷാദ് ആലത്തൂർ ആ സിനിമയുമായി ബന്ധപ്പെടുന്നത്. അതുകൊണ്ട് നൗഷാദ് ആലത്തൂരിന്റെ നിർബന്ധപ്രകാരം ആ സിനിമയുടെ ടൈറ്റിൽ കാർഡിൽ നൗഷാദ് ആലത്തൂരിന്റെ പേര് എക്സിക്കുട്ടീവ് പ്രൊഡ്യുസർ എന്ന രീതിയിലാണ് എഴുതിക്കാണിക്കുന്നത്.
ഗോഡ്സ് ഓൺ കൺട്രി എന്ന സിനിമയുടെ പ്രീവ്യു ഷോ കണ്ട് ഇഷ്ടപെട്ടാണ് നൗഷാദ് ആലത്തൂർ അതിന്റെ സഹ നിർമ്മാതാവുന്നത്. അതിന് ശേഷമാണ് മമ്മൂട്ടി നായകനായി കമൽ സംവിധാനം ചെയ്ത ഉട്യോപ്പിയയിലെ രാജാവ്, കുഞ്ചാക്കോ ബോബൻ നായകനായ ശ്രീജിത്ത് വിജയൻ സംവീധാനം ചെയ്ത കുട്ടനാടൻ മാർപാപ്പ, മമ്മൂട്ടി നായകനായ ജോണി ആന്റണി സംവീധാനം ചെയ്ത തോപ്പിൽ ജോപ്പൻ, ജയറാം നായകനായ ആടുപുലിയാട്ടം തുടങ്ങിയ സിനിമകളുമായി നൗഷാദ് ആലത്തൂർ ബന്ധപ്പെടുന്നത്. എന്നാൽ ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടൽ ആരംഭിച്ചതോടെ നൗഷാദ് ആലത്തൂരിന്റെ മനസ്സിൽ സിനിമയോടുള്ള പാഷൻ പതിയെ കുറഞ്ഞു വന്നു. ഇതിനിടയിൽ നൗഷാദ് ആലത്തൂർ ആദ്യമായി സംവിധായകനാകുന്ന 'വൈറൽ 2019' എന്ന സിനിമ പ്ലാൻ ചെയ്തെങ്കിലും ഏറ്റെടുത്ത ചാരിറ്റി പ്രവർത്തനങ്ങളുടെ തിരക്കിൽ ആ സിനിമയുടെ തുടർ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല.
വൈറൽ 2019 എന്ന സിനിമ പ്ലാൻ ചെയ്ത് ആ സിനിമ ഡയറക്ട് ചെയ്യാൻ തീരുമാനമായത് മുതൽ പലരുമായി കൂടിയാലോചനകൾ നടത്തി ആ സിനിമയുടെ ഓരോ സീനും ഏത് രീതിയിൽ മികവുറ്റതാക്കാം എന്നതായിരുന്നു തന്റെ മനസ്സിൽ നിറഞ്ഞ് നിന്നത് എന്നും എന്നാൽ ഓരോ ദിവസവും ആളുകൾ അവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പ്രശ്നങ്ങളും പറഞ്ഞ് തന്നെ ബന്ധപ്പെടുമ്പോൾ അതിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയപ്പോൾ ഡയറക്ട് ചെയ്യാൻ ഒരുങ്ങിയ സിനിമയുടെ തുടർ പ്രവർത്തനങ്ങൾ മുഴുവനായും നിലച്ചു എന്നും നൗഷാദ് പറഞ്ഞു.എന്നാൽ മറ്റ് തിരക്കുകൾ മാറ്റി വെച്ച് ഈ സിനിമ ഉടൻ സംഭവിക്കാൻ പോകുന്നതിന്റെ ഒരുക്കത്തിലാണ് നൗഷാദ് ആലത്തൂർ. വൈറൽ 2019 എന്ന പേരിന് പകരം "വൈറൽ" എന്ന് മാത്രമായിരിക്കും സിനിമയുടെ പുതിയ പേര് എന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം മറ്റ് ചില സിനിമകൾ ഒരുക്കുന്നതിന്റെ ചർച്ചകളും നടക്കുന്നുണ്ട്.
മനസിന് ഏറ്റവും സംതൃപ്തി നൽകുന്നത് ചാരിറ്റി പ്രവർത്തനം
തന്റെ മനസിന് ഏറ്റവും സംതൃപ്തി നൽകുന്ന മേഖല ചാരിറ്റി പ്രവർത്തനമാണെന്ന് നൗഷാദ് ആലത്തൂർ പറഞ്ഞു. ചെറുപ്പം മുതൽ ചാരിറ്റി പ്രവർത്തനങ്ങളോട് അതിയായ താല്പര്യമുണ്ടായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ചാരിറ്റി പ്രവർത്തനം ചെയ്യുന്നുണ്ട്; അത് പോലെ എനിക്ക് പറ്റുന്ന രീതിയിൽ ഞാനും അത്തരം കാര്യങ്ങൾ ചെയ്യുന്നു.ഞാൻ സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളായതിനാൽ പെട്ടന്ന് അത് വാർത്തയാകുന്നു അതാണ് സംഭവിക്കുന്നത്.വലത് കൈകൊടുക്കുന്ന സഹായം ഇടത് കൈ അറിയരുതെന്നാണ് പറയുന്നത്. പക്ഷെ ഇന്നത്തെ കാലഘട്ടത്തിൽ നമ്മൾ എത്ര രഹസ്യമായി ചെയ്താലും അതെല്ലാം എങ്ങിനെയെങ്കിലും പുറം ലോകം അറിയുമെന്നും നൗഷാദ് ആലത്തൂർ വ്യക്തമാക്കുന്നു. ഇപ്പോൾ ഒന്നര വർഷമായിട്ട് നൗഷാദ് സ്ഥിരമായി നാട്ടിലുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്ന് സഹായത്തിനായി ഒരുപാട് ആളുകൾ നൗഷാദിനെ ദിവസവും വിളിക്കുന്നുണ്ട്.സഹായം ആവശ്യമുള്ള ചിലയാളുകൾ നൗഷാദ് ആലത്തൂരിന്റെ നമ്പർ തേടിപ്പിടിച്ച് നേരിട്ട് വിളിക്കും.മറ്റ് ചിലപ്പോൾ സഹായം ആവശ്യമുള്ളവർക്ക് വേണ്ടി മറ്റാരെങ്കിലുമായിരിക്കും നൗഷാദിനെ ബന്ധപ്പെടുന്നതും.സഹായം ആവശ്യപ്പെട്ട് ബന്ധപ്പെടുന്ന സംഭവങ്ങളിൽ ഫേക്ക് ആയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.ചില കേസുകളിൽ തനിക്ക് പറ്റുന്ന രീതിയിൽ എന്തെങ്കിലും സഹായം നൽകിയതിന് ശേഷമാണ് അത് ഫേക്ക് ആണെന്ന് അറിയുന്നതെന്നും നൗഷാദ് പറയുന്നു.
അടുത്ത നാളിൽ ഒരു ഓട്ടോറിക്ഷ വാങ്ങുന്നതിന് സഹായം ചോദിച്ച് ഒരാൾ നൗഷാദിനെ കാണാൻ ചെന്നു. അദ്ദേഹത്തിന്റെ അവസ്ഥകൾ കൂടുതൽ അറിഞ്ഞപ്പോൾ ഓട്ടോറിക്ഷക്ക് പകരമായി ഒരു നാഷണൽ പെർമിറ്റ് ലോറിയാണ് സഹായമായി നൗഷാദ് നൽകിയത്. ഈ ഒരു സംഭവത്തിന് ശേഷം വിവിധ മേഖലകളിൽ നിന്ന് സഹായം ചോദിച്ച് ദിവസം 10 - 20 ആളുകളെങ്കിലും നൗഷാദിനെ ബന്ധപ്പെടുന്നുമുണ്ട്. സിനിമയും ചാരിറ്റി പ്രവർത്തനങ്ങളും ബിസിനസുമായി ഓരോ ദിവസം തിരക്കാണെങ്കിലും കൂടുതൽ സമയവും ചിലവഴിക്കുന്നത് കുടുംബത്തോടൊപ്പം ആണെന്നും നൗഷാദ് ആലത്തൂർ വ്യക്തമാക്കി.