ഇടുക്കി: ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ സംവിധാനങ്ങൾ സർവ്വ സജ്ജമെന്ന് മന്ത്രി എം.എം.മണി. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റിൽ വിളിച്ച അടിയന്തിര യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗത്തെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഒരുമിച്ച് നിന്ന് നേരിടണമെന്നും അതിനായുള്ള മുൻകരുതലുകൾ ഒത്തൊരുമയോടെ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലയിലും ജാഗ്രത നിർദേശങ്ങളും മുൻകരുതലും പാലിക്കുന്നുണ്ട്.
വലിയ തോതിൽ ജനങ്ങൾ ഒന്നിച്ചു കൂടുന്ന ഉത്സവം, പെരുന്നാൾ, വിവാഹം, പൊതുസമ്മേളനങ്ങൾ തുടങ്ങിയവക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരെ പരിശോധിക്കാനും, അവരുടെ വിവരങ്ങൾ ശേഖരിക്കാനുമുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിലടക്കം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇവർക്കായി ശാസ്ത്രീയ ബോധവത്കരണത്തിനായുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന തലത്തിൽ ജാഗ്രത നിർദേശം നൽകിയിട്ടുള്ളതിനാൽ ജില്ല ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശം എല്ലാവരും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സമാജികർ മണ്ഡലത്തിലുണ്ടാകുന്നതിനാണ് നിയമസഭ മുൻ നിശ്ചയിച്ചതിൽ നേരത്തെ സമ്മേളനം അവസാനിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ റോഷി അഗസ്റ്റ്യൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജാഗ്രതാ നിർദേശം പാലിക്കാൻ ജില്ലാ ഭരണകൂടം ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ പറഞ്ഞു. മാസ്‌കിന് ആവശ്യക്കാർ കൂടുന്നതിനാൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ തദ്ദേശീയമായി മാസ്‌ക്കുകൾ നിർമിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കണമെന്ന് ഇ.എസ് ബിജി മോൾ പറഞ്ഞു. സഭാമേലദ്ധ്യക്ഷൻമാരുമായി ആലോചിച്ച് മതാചാര ചടങ്ങുകളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കണം. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കുന്നതിന് സംവിധാനം ഉണ്ടാക്കണം വ്യാപാര സ്ഥാപനങ്ങളിലെ പൂഴ്ത്തിവെയ്പ്, ആവശ്യ സാധനങ്ങളുടെ വിലകൂട്ടി വില്ക്കൽ തുടങ്ങിയവക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസിനോട് ആവശ്യപ്പെട്ടു. വാഗമണിലെ അഡ്വഞ്ചർ പാർക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാൻ നിർദേശം നൽകിയതായും അവർ പറഞ്ഞു.
മൂന്നാറിലെ അനധികൃത ഹോംസ്റ്റേകൾ വിദേശ സഞ്ചാരികളുടെ കൃത്യമായ വിവരങ്ങൾ നല്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് സബ് കളക്ടർ എസ്. പ്രേംകൃഷ്ണ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. എല്ലാ ടൂറിസ്സ് ഹോംസ്റ്റേ ,ഹോട്ടൽ, റിസോർട്ടുകൾക്കും വിദേശത്ത് നിന്നെത്തുന്നവരുടെയും അല്ലാത്തവരുടെയും വിവരങ്ങൾ നല്കാൻ നോട്ടീസ് നല്കണമെന്ന് സബ് കളക്ടർ പറഞ്ഞു. ഇതോടനുബന്ധിച്ച് മൂന്നാർ പഞ്ചായത്ത് ഹാളിൽ ഇന്ന് രാവിലെ 11 ന് റിസോർട്ട് ഹോംസ്റ്റേടൂറിസം അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രതിനിധികളുടെ യോഗം മന്ത്രിയുടെ നേതൃത്വത്തിൽ ചേരും. ജനപ്രതിനിധികൾ, ജില്ലാ കളക്ടർ എച്ച്.ദിനേശൻ, ദേവികുളം സബ് കളക്ടർ എസ്. പ്രേംകൃഷ്ണ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ഹോട്ടൽ റിസോർട്ട് ഉടമകൾ, തുടങ്ങിയവർ പങ്കെടുക്കും.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ.പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു. ഇടുക്കി മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെനിസ് എം മുണ്ടോടൻ കോവിഡ് 19 ബോധവത്കരണ ക്ലാസ്സ് നയിച്ചു.
യോഗത്തിൽ എംഎൽഎ മാരായ റേഷി അഗസ്റ്റ്യൻ, ഇ.എസ് ബിജിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്,ജില്ലാ കളക്ടർ എച്ച്.ദിനേശൻ, ജില്ലാ പൊലീസ് മേധാവി പി.കെ മധു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ, ദേവികുളം സബ് കളക്ടർ എസ്. പ്രേംകൃഷ്ണ, ആർഡിഒ അതുൽ സ്വാമിനാഥ് , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ.പ്രിയ, ജില്ലാ പ്ലാനിങ് ഓഫീസർ കെ.കെ ഷീല തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ത്രിതല പഞ്ചായത്ത് പ്രസിസന്റുമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
കോവിഡ് 19 അടിയന്തിര യോഗം ഇന്ന്
കോവിഡ് 19 സംബന്ധിച്ച അടിയന്തര യോഗം ഇന്ന് രാവിലെ 11 ന് മന്ത്രി എം.എം മണിയുടെ നേതൃത്വത്തിൽ മൂന്നാർ പഞ്ചായത്ത് ഹാളിൽ ചേരും. ജനപ്രതിനിധികൾ, ജില്ലാ കളക്ടർ എച്ച്.ദിനേശൻ, ദേവികുളം സബ് കളക്ടർ എസ്. പ്രേംകൃഷ്ണ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ഹോട്ടൽ റിസോർട്ട് ഉടമകൾ, തുടങ്ങിയവർ പങ്കെടുക്കും.
കോവിഡ്: 58 പേർ നിരീക്ഷണത്തിൽ
കോവിഡ് 19 പശ്ചാത്തലത്തിൽ ജില്ലയിൽ ഇപ്പോൾ 58 പേർ നിരീക്ഷണത്തിലുണ്ട്. ആരെയും ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടില്ല. നാലുപേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ഇതിൽ ഒരാൾ വിദേശിയാണ്. നാല് മലേഷ്യക്കാരും ഒരു ബ്രിട്ടീഷുകാരനും ഉൾപ്പെടെ 5 പേർ നിരീക്ഷണത്തിലുണ്ട്.