തൊടുപുഴ: തൊടുപുഴ താലൂക്കിലെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് ഭൂരഹിത ഭവനരഹിതർക്കു വിതരണം ചെയ്യണമെന്ന് കേരളാ കോൺഗ്രസ് എം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.തൊടുപുഴ നിയോജക മണ്ഡലത്തിൽ ഇളംദേശം, തൊടുപുഴ ബ്ലോക്കുകളിലും മുൻസിപ്പാലിറ്റിയിലുമായി വീട് നിർമിക്കാൻ ഭൂമി ഇല്ലാതെ മൂവായിരത്തിലധികം കുടുംബങ്ങൾ കൂട്ടുകുടുംബങ്ങളിലും വാടക വീടുകളിലും താമസിക്കുകയാണ്. വീടുവയ്ക്കുവാൻ ഭൂമി അനുവദിക്കണമെന്നു ആവശ്യപ്പെട്ടു പഞ്ചായത്തിലും ബ്ലോക്ക്കളിലും മുൻസിപ്പാലിറ്റിയിലും ഇവർ അപേക്ഷ നൽകിയപ്പോൾ ഭൂമി ഇല്ലായെന്ന സർക്കാർ വിജ്ഞാപനമാണ് മറുപടി ലഭിക്കുന്നത്. തൊടുപുഴ താലൂക്കിലെ മലങ്കര, ഹാരിസൺ വക കാളിയാർ എസ്റ്റേറ്റ് എന്നിവയുടെയെല്ലാം പാട്ടകരാർ റദ്ദ് ചെയ്ത് ഭൂരഹിതരായ ആളുകൾക്ക് വിതരണം ചെയ്യണമെന്നും പാർട്ടി നിയോജകമണ്ഡലം കമ്മിറ്റി. ആവശ്യപ്പെട്ടു.

നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ ഐ ആന്റണി, സ്റ്റീയറിങ് കമ്മിറ്റിയംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്,തുടങ്ങിയവർ പ്രസംഗിച്ചു