കട്ടപ്പന: കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് പുറ്റടി സ്‌പൈസസ് പാർക്കിലെ ഏലയ്ക്ക 'ഈ ലേലം 'താത്കാലികമായി നിർത്തി. ഏലക്കാ ലേലത്തിനായി വ്യാപാരികൾ കൂട്ടമായി എത്തുന്നുവെന്ന സ്‌പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വണ്ടൻമേട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ, സ്‌പൈസസ് പാർക്ക് ഡെപ്യൂട്ടി ഡയറക്ടർക്ക് ഇന്നലെ കത്ത് നൽകി. ഇതോടെ ഉച്ചകഴിഞ്ഞ് നടത്തേണ്ടിയിരുന്ന കാർഡമം പ്ലാന്റേഴ്‌സ് മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ലേലം ഉപേക്ഷിച്ചു. കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം അവസാനിക്കുന്നതുവരെ പുറ്റടി സ്‌പൈസസ് പാർക്കിൽ ഇലേലം ഉണ്ടായിരിക്കില്ല. എന്നാൽ തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിലെ കേന്ദ്രത്തിൽ ലേലം തുടരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്നലെ പുറ്റടി സ്‌പൈസസ് പാർക്കിൽ ലേലത്തിനായി നിരവധി പേർ എത്തിയിരുന്നു.