തൊടുപുഴ: ഇടുക്കിയിൽ തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനത്തെ സംബന്ധിച്ച് പഠനം നടത്തുന്നതിനായി കേന്ദ്ര സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം ഉറപ്പു നൽകിയതായി ഡീൻ കുര്യാക്കോസ് എം. പി അറിയിച്ചു. പ്രത്യേക കേന്ദ്ര സംഘത്തെ അയയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകിയിരുന്നു.ഇതേ തുടർന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം.രാജീവനുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അയയ്ക്കാമെന്ന് ഉറപ്പു നൽകിയത്. ഭൂകമ്പ സാദ്ധ്യതയില്ലാത്ത സോണിലുൾപ്പെട്ട കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ചെറിയ ഭൂചലനങ്ങൾ ,പ്രത്യേകിച്ചും ഇടുക്കി ആർച്ച് ഡാം പരിസരത്ത് ഉണ്ടാകുന്നതിനെ സംബന്ധിച്ച് ഭൗമ ശാസ്ത്ര പഠന വിഭാഗത്തിന്റെ നേതൃത്വത്തിൽ പഠനം നടത്തണമെന്നും, ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.