തൊടുപുഴ: ബൈക്കിലെത്തിയ ആൾ അസ്വാഭികമായി പെരുമാറി. ഭയന്നു പോയ പന്ത്രണ്ടുകാരി അലറി വിളിച്ച് അടുത്ത വീട്ടിലേക്ക് ഓടിക്കയറി. കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമെന്ന് സംശയം.
ശനിയാഴ്ച രാവിലെ ഏഴരയ്ക്ക് കുടയത്തൂർ സംഗമം ജങ്ഷനിലായിരുന്നു സംഭവം. പാല് വാങ്ങാനായി പെൺകുട്ടി പോയപ്പോഴാണ് ബൈക്കിലെത്തിയ അപരിചിതൻ അസ്വാഭാവികമായി പെരുമാറിയത്. തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ഇയാൾ പെൺകുട്ടിയെ കണ്ട തിരിച്ചു വന്നു. തുടർന്ന് രൂക്ഷമായി നോക്കുകയും കൈയിലുണ്ടായ ബാഗ് തുറന്ന് പഞ്ിപോലെ എന്തോ എടുക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന് പെൺകുട്ടി പറയുന്നു. ഇതോടെ ഭയന്ന് പോയ കുട്ടി നിലവിളിച്ചുകൊണ്ട് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. നാട്ടുകാർ വന്നു നോക്കിയപ്പോഴേക്കും ബൈക്കുകാരൻ പോയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ബൈക്ക് പോകുന്നത് കണ്ടെന്ന് ചില നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് കാഞ്ഞാർ എസ്.ഐ. അറിയിച്ചു.