തൊടുപുഴ: കൊറോണ പരിശോധനാഫലം വന്നപ്പോൾ ലിനോ ആബേലിന് രോഗബാധയില്ല, പക്ഷെ, അപ്പോഴും ലിനോയുടെ മനസ് നീറിപ്പുകയുകയായിരുന്നു. ഒരു ദിവസം മുമ്പേ ഈ ഫലം അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ പ്രിയപ്പെട്ട അച്ചാച്ചനെ അവസാനമായി ഒരുനോക്ക് കാണാമായിരുന്നു.
എങ്കിലും, എല്ലാവർക്കും ഹൃദയംകൊണ്ട് നന്ദി പറഞ്ഞ് ശനിയാഴ്ച ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലെ 205ാം നമ്പർ മുറിവിട്ടു. നേരെ പോയത് പിതാവ് ആബേലിന്റെ കല്ലറയ്ക്കരുകിലേക്ക് .
പിതാവ് മരിച്ച് തൊട്ടരികിൽ ഉണ്ടായിട്ടും അവസാനമായി കാണാൻ കഴിയാതെ ഐസൊലേഷൻ മുറിയുടെ ജനാലയിലൂടെ മൃതദേഹം കൊണ്ടുപോകുന്നത് നോക്കി നിൽക്കേണ്ടി വന്ന തൊടുപുഴ ആലക്കോട് തോണിക്കല്ലേൽ ലിനോ ആബേലിന്റെ അനുഭവക്കുറിപ്പ് കേരളത്തിന് നോവായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന പിതാവ് ആബേലിനെ കാണാൻ ഖത്തറിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച എത്തിയ ലിനോ രോഗബാധയുണ്ടെന്ന സംശയത്തെ തുടർന്ന് സ്വയം ഐസൊലേഷൻ വാർഡിലെത്തുകയായിരുന്നു. മകനെ കാണാൻ കാത്തുനിൽക്കാതെ പിറ്റേദിവസം രാവിലെ പിതാവ് മരണത്തിനു കീഴടങ്ങി. നാടിന്റെ നന്മയോർത്ത് ലിനോ പുറത്തിറങ്ങാതെ അവിടെ തന്നെ കഴിഞ്ഞു. ആ നല്ല മനസിനെ മുഖ്യമന്ത്രിയടക്കമുള്ളവർ പ്രശംസിക്കുകയും ചെയ്തിരുന്നു. അഞ്ചു ദിവസം സൂക്ഷിച്ചുവച്ച മൃതദേഹം വെള്ളിയാഴ്ച അടക്കംചെയ്തു. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് ലിനോയ്ക്ക് രോഗബാധയില്ലെന്ന പരിശോധനാഫലം എത്തിയത്.
ആശുപത്രി വിടും മുൻപ് ലിനോ കേരളത്തിനായി ഒരിക്കൽ കൂടി ഇങ്ങനെ കുറിച്ചു.
'എന്തിനാണ് നാം പേടിക്കുന്നത്.നാടിന്റെ ആരോഗ്യമേഖല വളരെ വലുതാണ്. നമ്മൾ ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകും'
വൈകിട്ട് കല്ലറയിൽ എത്തി പിതാവിനു വേണ്ടി മെഴുകുതിരി കത്തിച്ചു. വൈദികനൊപ്പം ഒപ്പീസ് ചൊല്ലി,വേദന ഉള്ളിലൊതുക്കി വീണ്ടും വീടിന്റെ കരുതലിലേക്ക് മടങ്ങി.