തൊടുപുഴ: കോവിഡ് 19 ഉയർത്തുന്ന ഭീതിക്കിടെ കനത്ത വേനൽച്ചൂടും വൈദ്യുതി മുടക്കവും നഗരത്തിലെ ജനത്തിന് അസഹ്യമാവുകയാണ്. രാത്രിയും പകലും വ്യത്യാസമില്ലാതെ കടുത്ത ചൂടിൽ പൊള്ളൂകയാണ് നഗരത്തിൽ താമസിക്കുന്നവരും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്നവരും.തൊടുപുഴ നഗരത്തിന്റെ ചുറ്റളവിൽ പകൽ സമയങ്ങളിലെ കനത്ത ചൂട് ജനജീവിതം ദുസഹമാക്കുകയാണ്. വേനൽ ചൂട് കൂടിയതോടെ നഗരത്തിന്റെ പല വാർഡുകളിലും വരൾച്ചയും കുടി വെള്ള ക്ഷാമവും അതിരൂക്ഷമായ അവസ്ഥയാണ് നിലനിൽക്കുന്നതും.പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ പറ്റാതെ ജനം വീടുകളിൽ തന്നെ കഴിച്ച് കൂടുന്ന അവസ്ഥയുമാണ്.പകൽ സമയത്ത് 38, 39 ഡിഗ്രി സെൽഷ്യസാണ് തൊടുപുഴ മേഖലയിലെ ഉയർന്ന താപനില.ഇതോടൊപ്പം നഗരമേഖലയിൽ വൈദ്യുതി മുടക്കവും പതിവായതോടെ ഏതാനും ആഴ്ച്ചകളായി നഗരം ഏതാണ്ട് നിശ്ചലാവസ്ഥയിലുമാണ്.മറ്റു പല സ്ഥലങ്ങളിലും കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയെങ്കിലും തൊടുപുഴയിൽ വേനൽമഴ കാര്യമായ ലഭിക്കാതിരുന്നതും താപനില കൂട്ടാനിടയാക്കി.
ആളൊഴിഞ്ഞ്.....
വേനൽച്ചൂട് ഉയർന്നു നിൽക്കുകയാണെങ്കിലും ശീതളപാനീയങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ പൊതുവെ വിൽപ്പന കുറവാണ്.മറ്റ് വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം കുത്തനെ കുറഞ്ഞു. തണ്ണിമത്തൻ പോലെയുള്ള പഴ വർഗങ്ങൾ കൂടുതലായി എത്തേണ്ട സമയമാണെങ്കിലും കോവിഡ് 19 ആശങ്ക ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇവ കച്ചവട സ്ഥാപനങ്ങളിൽ കാര്യമായി എത്തിയിട്ടുമില്ല. കൊറോണ ഭീതിയും ചൂടും മൂലം ജനങ്ങൾ കാര്യമായി പുറത്തിറങ്ങാതായതോടെ നഗരത്തിലും വ്യാപാര സ്ഥാപനങ്ങളിലും കെ എസ് ആർ ടി സി ഉൾപ്പടെ ആളൊഴിഞ്ഞ അവസ്ഥയാണ്.
ഇതിനിടെ വൈദ്യുതി ബോർഡിന്റെ വക ഇരുട്ടടിയും ജനത്തിനെ ചുറ്റിക്കുകയും.പകൽ സമയത്തുള്ള പൊള്ളുന്ന ചൂടും രാത്രി സമയങ്ങളിലുള്ള വൈദ്യുതി മുടക്കവും കൊതുകിന്റെ അസഹ്യമായ ശല്യവും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഫാനും എസിയും പ്രവർത്തിക്കാത്തതിനാൽ കടുത്ത ചൂടു സഹിച്ചാണ് ജനങ്ങൾ ഈ സമയം വീടുകളിൽ കഴിയുന്നതും.
വരണ്ടുണങ്ങി
കിണറുകൾ
നിരവധി പ്രദേശത്തെ കുളം, കിണർ തുടങ്ങിയ ജലസ്രോതസുകൾ വറ്റിവരണ്ടതും നഗരത്തിൽ പ്രശ്നമാവുകയാണ്.ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. പലരും ഏറെ ദൂരം താണ്ടി തലച്ചുമടായി വെള്ളം എത്തിച്ചു തുടങ്ങി.വ്യക്തികൾ സ്വന്തം ചെലവിലും വിവിധ സർക്കാർ ഫണ്ടും ഉപയോഗിച്ച് സ്ഥാപിച്ച പല കുടിവെള്ള പദ്ധതികളും നിലച്ചു. വിവിധയിടങ്ങളിലെ തോടുകളിലും നീർച്ചാലുകളിലും ഒഴുക്കു നിലച്ചിരിക്കുകയുമാണ്. തോടുകളിൽ ജലനിരപ്പ് കുറയുന്നതിനാൽ കിണറുകളിലും ജലനിരപ്പ് താഴുന്നുണ്ട്. ചില മേഖലകളിൽ താമസിക്കുന്നവർക്ക് കുടിവെള്ള ക്ഷാമം മൂലം വെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്.