മറയൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വിനോദ സഞ്ചാര മേഖലയായ മറയൂർ - മൂന്നാർ മേഖലയിലേക്ക് എത്തുന്നവർക്ക പരിശോധനയും നിരീക്ഷണവും ആരോഗ്യ വകുപ്പ് ആരംഭിച്ചു. ചിന്നാർ ചെക്ക് പോസ്റ്റിലാണ് പരിശോധന തുടങ്ങിയത്. അയൽ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് കേരളത്തിലേക്ക് എത്തുന്നവരെ നിരീക്ഷണത്തിന്റെ ഭാഗമായി കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് സംസ്ഥാന അതിർത്തിയിൽ ആരോഗ്യ വകുപ്പും പൊലീസുംജാഗ്രതയോടെ പരിശോധന തുടങ്ങിയത്.
മറയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും മറയൂർ ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ പഴുതടച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് അഞ്ചുനാട് മേഖലയിൽ നടന്നു വരുന്നത്. എല്ലാ വാർഡുകളിലും ബോധവത്കരണ ക്ലാസുകൾ പൂർത്തിയാക്കി. വിവാഹങ്ങൾ ലളിതമാക്കാൻ അധികൃതർ നൽകിയ നിർദ്ദേശങ്ങൾക്ക് പൂർണ്ണമായ സഹകരണം ജനങ്ങളും നൽകുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. ഓഡിറ്റോറിയത്തിൽ നിശ്ചയിച്ച വിവാഹം വീടുകളിൽ നടത്തി ലളിതമാക്കിയാണ് രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായത്. ഇറ്റലി, സിഗപ്പൂർ, ദുബായ്, സൗദി, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മറയൂർ കാന്തല്ലൂർ മേഖലയിൽ എത്തിയ ഒൻപത് പേരുടെ കണക്കുകൾ ശേഖരിക്കുകയും വിദേശത്ത് നിന്നും മടങ്ങിയെത്തിയ കാലയളവും പരിശോധിക്കൂകയും ചെയ്തതിൽ നിന്ന് ഇവർക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ലായെന്ന് കണ്ടെത്തി എന്നിരുന്നാലും ഇവരൂമായി ആരോഗ്യപ്രവർത്തകർ നിരന്തരം ബന്ധപ്പെട്ടുവരുകയാണ്.