monkey
കർഷകരുടെ കൃഷിയിടത്തിലെത്തിയ കുരങ്ങുകൾ.

ചെറുതോണി : ജില്ലാസ്ഥാന മേഖലകളിൽ കൂട്ടമായെത്തുന്ന കുരുങ്ങുകൾ കൃഷികൾ നശിപ്പിക്കുന്നതായി പരാതി. പൈനാവ് , താന്നിക്കണ്ടം, ചെറുതോണി, ഇടുക്കി, ഡാം ടോപ്പ്, നാരകക്കാനം, പാണ്ടിപ്പാറ, മുരിയാപുരം, മേഖലകളിലാണ്. വനത്തിൽ നിന്നെത്തുന്ന കുരങ്ങുകൾ കൃഷി നശിപ്പിക്കുന്നത്. കൃഷിയിടത്തിലെത്തുന്ന കുരങ്ങുകൾ കൊക്കോ, കപ്പ, വാഴക്കുല തുടങ്ങി മനുഷ്യർ കഴിയ്ക്കുന്നതെല്ലാം ഇവ കൊണ്ടുപോകുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. കപ്പ ചുവടെ പറിച്ചാണ് കൊണ്ടുപോകുന്നത്. തെങ്ങിൽക്കയറി കരിക്കുൾപ്പെടെയുള്ള തേങ്ങപറിച്ചു താഴെയിടുകയും പൊട്ടിച്ചു വെള്ളം കുടിക്കുകയും തിന്നുകയും ചെയ്യുന്നുണ്ട്. ചെറിയ വാഴക്കുലകൾ കൊണ്ടുപോകാറുണ്ട്. കൊക്കോയുടെ പഴുത്തതും പഴുക്കാത്തതുമായ കായകളും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. വിലത്തകർച്ചയും വിള നഷ്ടവും മൂലം ബുദ്ധിമുട്ടിലായ കർഷകർക്ക് കുരങ്ങുകളുടെ ശല്യവും തിരിച്ചടിയായിരിക്കുകയാണ്. വന മേഖലയിൽ തീറ്റയും വെള്ളവും കുറഞ്ഞതോടെയാണ് കുരങ്ങുകൾ കൂട്ടത്തോടെ കൃഷിയിടത്തിലേയ്ക്ക് ഇറങ്ങാൻ തുടങ്ങിയത്. കാർഷിക മേഖലയിലേയ്ക്കിറങ്ങിയ കുരങ്ങുകളെ കാട്ടിലേയ്ക്ക് കയറ്റിവിടാൻ വനം വകുപ്പ് നടപടിയെടുക്കണമെന്നും കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാരാവശ്യപ്പെട്ടു.