തൊടുപുഴ: ഉടുമ്പന്നൂരിൽ വീട്ടമ്മയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനായി പത്തനംതിട്ടയിൽ നിന്നും ബന്ധുക്കളെത്തിയത് ആശങ്ക പരത്തി. നാട്ടുകാർ അറിയിച്ചതിനെതുടർന്ന് പൊലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. മരിച്ച വീട്ടമ്മയുടെ മകളെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. മകളുടെ ഭർതൃവീട്ടിൽ നിന്നുള്ള ബന്ധുക്കളാണ് സംസ്‌കാരച്ചടങ്ങിനെത്തിയത്. പത്തനംതിട്ടയിൽ നിന്നും ഇവർ എത്തിയ വിവരം നാട്ടുകാർ കരിമണ്ണൂർ പിഎച്ച്സിയിൽ അറിയിച്ചു. തുടർന്ന് മെഡിക്കൽ ഓഫീസർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. എഎസ്‌ഐയുടെ നേതൃത്വത്തിൽ എത്തിയ കരിമണ്ണൂർ പൊലീസ് ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ഡിഎംഒ ഓഫീസിലും വിവരമറിയിച്ചു. തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ടയിൽ ഇവർ താമസിക്കുന്ന സ്ഥലം കോവിഡ് 19 ന്റെ ഭീതിയിലുള്ള പ്രദേശമല്ലെന്ന് വ്യക്തമായി. കൂടാതെ ഇവരുടെ വീട്ടിൽ ആരും തന്നെ വിദേശത്തു നിന്നും എത്തിയിട്ടില്ലെന്നും കണ്ടെത്തി. തുടർന്ന് സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തതിനു ശേഷം ഇവർ മടങ്ങി. തൊടുപുഴ ജില്ലാ ആശുപത്രിയിൽ അറിയിച്ചതിനു ശേഷമെ മടങ്ങാവു എന്ന് പൊലീസ് നിർദേശിച്ചിരുന്നു.