തൊടുപുഴ : കുമാരമംഗലം ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയിൽ നിന്നും ഡോക്ടറുടെ സേവനം കർഷകർക്ക് കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി. കർഷകരുടെ പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ ഡോക്ടറെ വിളിച്ച് വിശദീകരണം ചോദിച്ചപ്പോൾ ജനപ്രതിനിധികളുടെ സംസാരം ഡോക്ടർ മൊബൈലിൽ പകർത്തിയത് ബഹളത്തിന് കാരണമായി. മൃഗഡോക്ടർ കൃത്യമായി എത്താത്തതിനെ കുറിച്ച് ജനപ്രതിനിധികൾ ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാതെ ഡോക്ടർ ജനപ്രതിനിധികളെ ചോദ്യം ചെയ്തതായും പറയുന്നു. ജനപ്രതിനിധികളുടെ സംസാരം റിക്കോർഡ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അത് വിലക്കുകയായിരുന്നു. ആശുപത്രി തുറക്കാതിരിക്കുന്നതു പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് യോഗം നിർദ്ദേശിച്ചു. വെറ്ററിനറി സർജന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗം വിലയിരുത്തി. ഇതിനിടെ വെറ്ററിനറി സർജന്റെ സേവനം യഥാസമയം ലഭിക്കാത്തതിനാൽ തന്റെ ആട് ചത്തുപോയതായും ഒരുകർഷകൻ പറഞ്ഞു. ഇതേസമയം ഗ്രാമപഞ്ചായത്ത് ഭരണസമിതി തന്നെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് വെറ്ററിനറി സർജൻ തൊടുപുഴ പോലീസിൽ പരാതി നൽകി. ആറോളം മെമ്പർമാർക്കെതിരെയാണ് പരാതി നൽകിയത്. ഇതേത്തുടർന്ന് വനിതാ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം ഡോക്റുടെ മൊഴിയെടുക്കാൻ എത്തിയെങ്കിലും മൊഴി നൽകാൻ വിസമ്മതിച്ചതായും പറയപ്പെടുന്നു. തുടർന്ന് വെള്ളിയാഴ്ച ഇരുകൂട്ടരെയും തൊടുപുഴ പോലീസ് ഇൻസ്‌പെക്ടർ വിളിപ്പിച്ചെങ്കിലും വെറ്ററിനറി സർജൻ എത്തിയില്ല. ഗ്രാമപഞ്ചായത്തിൽ വെറ്ററിനറി സർജന്റെ സേവനം കാര്യക്ഷമമാക്കണമെന്ന് ജനപ്രതിനിധികൾ ജില്ലാ മൃഗസംരക്ഷണ വകുപ്പിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.