kattappana

ധരിക്കുന്നത് ഗുണനിലവാരമില്ലാത്ത മാസ്‌കുകൾ

കട്ടപ്പന: കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾ മുറപോലെ നടക്കുമ്പോഴും കൂട്ടമായി എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ബോധവത്കരിക്കാൻ നടപടിയില്ല. മുൻ കരുതൽ നടപടികളെക്കുറിച്ചോ ജാഗ്രത പുലർത്തേണ്ടതിനെക്കുറിച്ച് അറിവില്ലാത്തതിനാൽ കട്ടപ്പന നഗരത്തിൽ ഇന്നലെയും ആയിരത്തിൽപ്പരം ഇതര സംസ്ഥാനക്കാർ എത്തി. ഓരോ മേഖലകളിൽ നിന്നുള്ളവർ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ രാവിലെ മുതൽ കൂട്ടമായി കേന്ദ്രീകരിച്ചു. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചശേഷം വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു ആരെങ്കിലും എത്തിയിട്ടുണ്ടോയെന്നു പോലും അറിവില്ല. മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ചോ കൈ കഴുകുന്നതിന്റെ രീതിയെക്കുറിച്ചോ ഭൂരിഭാഗം പേർക്കും അറിയില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പലരും കൈമലർത്തുകയായിരുന്നു.
അതേസമയം ഗുണനിലവാരമില്ലാത്ത മാസ്‌കുകൾ ധരിച്ചെത്തിയവരുമുണ്ട്. ഇരുചക്ര വാഹന യാത്രികർ പൊടിയിൽ നിന്നു രക്ഷനേടാൻ ഉപയോഗിക്കുന്ന മാസ്‌കുകളാണ് ചിലർ ധരിച്ചിരുന്നത്. ശരിയായ രീതിയിൽ ഇവരെ ബോധവത്കരിക്കാൻ നഗരസഭ തലത്തിലോ പഞ്ചായത്ത് തലത്തിലോ നടപടിയില്ല.

ഹൈറേഞ്ചിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികൾ കുടുംബസമേതമാണ് ഞായറാഴ്ച രാവിലെ മുതൽ കട്ടപ്പനയിലെത്തുന്നത്. നഗരത്തിന്റെ വിവിധ സ്ഥലങ്ങൾക്കു പുറമേ കുന്തളംപാറ റോഡും മാർക്കറ്റുകളുമാണ് ഇവരുടെ പ്രധാനകേന്ദ്രങ്ങൾ. ഒരാഴ്ചയ്‌ത്തേയ്ക്കുള്ള അവശ്യസാധനങ്ങൾ വാങ്ങാനും മറ്റിടങ്ങളിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകരെ കാണാനുമായി എത്തുന്ന ഇവർ വൈകുന്നേരത്തോടെയാണ് തിരികെ മടങ്ങുന്നത്.
ഇവർ ജോലി ചെയ്യുന്ന തോട്ടം, വ്യാപാര, നിർമാണ മേഖലകളിലെ തൊഴിലുടമകൾക്കും കൃത്യമായ മാർഗനിർദേശം ആരോഗ്യവകുപ്പിൽ നിന്നു നൽകിയിട്ടില്ല. കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം ഒരുമാസം മുമ്പ് വീടുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തിയിരുന്നു. നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇതര സംസ്ഥാനക്കാർ കൂട്ടമായി താമസിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. എന്നാൽ ഇവരുടെ താമസസ്ഥലങ്ങളിലെ ശുചിത്വത്തെക്കുറിച്ച് ആശങ്കകളുമുണ്ട്. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു പുതുതായി തൊഴിലാളികൾ കേരളത്തിലേക്ക് എത്തിയിട്ടുണ്ടോയെന്നു പോലും ആരോഗ്യവകുപ്പിനു അറിയില്ല. ഇതേക്കുറിച്ച് തൊഴിലുടമകൾക്കും നിർദേശം നൽകിയിട്ടില്ല.

'ബോധവത്കരിക്കും'

ഇതര സംസ്ഥാന തൊഴിലാളികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി അടുത്തദിവസം വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം ചേരുമെന്ന് കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. യോഗത്തിനുശേഷം ഇവർക്ക് ആവശ്യമായ ബോധവത്കരണം നടത്താൻ തൊഴിലുടമകൾക്ക് നിർദേശം നൽകും.

ക്യാപ്ഷൻ:

ഇന്നലെ കട്ടപ്പനയിൽ കൂട്ടമായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ