ചെറുതോണി: മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ വാത്തിക്കുടി വീണ്ടും മുന്നേറ്റം സൃഷ്ടിക്കുന്നു.
പ്രളയ ബാധിത പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമാണ് കാർഷിക അനുബന്ധ മേഖലയ്ക്ക് പഞ്ചായത്ത് മുൻഗണന നൽകുന്നത്. ഇതിന്റെ ഭാഗമായാണ് ആടുകൃഷിക്ക് മുന്തിയ പരിഗണന നൽകുന്നത്.
പ്രതിദിനം 32000 ലിറ്റർ പാൽ ഉത്പ്പാദിപ്പിക്കുന്ന 3600 ക്ഷീര കർഷകരുള്ള പഞ്ചായത്തിൽ 1000 ആടു കർഷകരാണ് ഉള്ളത്. 22000 കോഴി കുഞ്ഞുങ്ങളെ നൽകി മുട്ടകളിൽ സ്വയംപര്യാപ്തത നേടിയ പഞ്ചായത്ത് ഈ വർഷം ആടു കർഷകർക്കാണ് പ്രോത്സാഹനമായി മാറുന്നത്. പ്രതിമാസം 500 ൽ അധികം ആടുകളെയാണ് പെരുമ്പാവൂരിൽ നിന്നുള്ള ആവശ്യക്കാർ വാത്തിക്കുടിയിൽ വന്ന് കൊണ്ടു പോകുന്നത്. ശരാശരി 20 ലക്ഷം രൂപയുടെ ആട് വ്യാപാരം ഇറച്ചിയുടെ ആവശ്യത്തിനായി വാത്തിക്കുടിയിൽ ഓരോ മാസവും നടന്നു വരുന്നു. ഈ വർഷം 180 ആട്ടിൻ കൂടുകളാണ് പഞ്ചായത്ത് ആട് കർഷകർക്ക് നൽകുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്. ഒരു കൂടിന് 65000 രൂപ ചിലവിൽ ഒരു കോടി 17 ലക്ഷം രൂപയാണ് ആടു കർഷകർക്ക് പഞ്ചായത്ത് സൗജന്യമായി നൽകുന്നത്. ആറ് ആടുകളെ ഒരേസമയം താമസിപ്പിക്കാൻ കഴിയുന്ന കൂടുകളാണ് നിർമ്മിച്ച് നൽകുന്നത്. കുടുംബശ്രീ മുഖേന പെൺ ആടുകളെ സബ്‌സിഡി നൽകി ദത്തെടുക്കുന്ന പദ്ധതിക്കും തുടക്കം കുറിക്കുകയാണ്. 7 മുതൽ 10 മാസം വരെ പ്രായമുള്ള പെൺ ആടുകളെ കർഷകർ വാങ്ങുമ്പോൾ ആടിന്റെ വിലയുടെ 50ശതമാനം കുടുംബശ്രീ നൽകും. ബാക്കി ഉപഭോക്താവ് എടുക്കണം. നൂറുകണക്കിന് അപേക്ഷകരാണ് ഇതിന് തയ്യാറായി വന്നിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ രാജു പറഞ്ഞു.