തൊടുപുഴ: കോവിഡ് 19 വ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാർ തീവ്രമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൗരസ്ത്യ സുവിശേഷ സമാജത്തിൻ കീഴിലുള്ള തൊടുപുഴ വെങ്ങല്ലൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷനിൽ വലിയ നോമ്പിൽ നടത്താൻ തീരുമാനിച്ചിരുന്ന ബൈബിൾ കൺവെൻഷൻ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. വി. കുർബാന സംബന്ധമായി സഭ തീരുമാനിച്ച ക്രമീകരണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഇന്നലെ കുർബാനയോടനുബന്ധിച്ച് പ്രത്യേക രോഗ ശാന്തി പ്രാർഥന നടത്തി. വിശ്വാസികൾ രോഗ പ്രതിരോധ പ്രക്രികയിൽ സഹകരിക്കണമെന്ന് വികാരി ഫാ. തോമസ് മാളിയേക്കൽ അറിയിച്ചു.