തൊടുപുഴ: തുടർച്ചയായെത്തിയ രണ്ട് പ്രളയങ്ങൾ തകർത്തെറിഞ്ഞ മൂന്നാറിൽ ഭീതി പരത്തി കോവിഡ്- 19 എത്തുമ്പോൾ ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെയും മറികടക്കാനൊരുങ്ങുകയാണ് ജില്ല. ഇതുവരെ ഒരു പോസിറ്റീവ് കേസുകൾ പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലയിൽ മൂന്നാറിലെത്തിയ യു.കെ പൗരന് കോവിഡ്- 19 സ്ഥിരീകരിച്ചതാണ് ആശങ്കയ്ക്കിടയാക്കിയത്. കോവിഡ്- 19 രോഗബാധിതൻ ആയ വിദേശി കളമശ്ശേരി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിയുകയാണ്. ഒപ്പം ഉണ്ടായിരുന്നവർ എറണാകുളത്തു ഹോട്ടലിൽ നിരീക്ഷണത്തിലാണ്. കോവിഡ്- 19 പശ്ചാത്തലത്തിൽ ജില്ലയിൽ ഇപ്പോൾ 69 പേർ നിരീക്ഷണത്തിലുണ്ട്. 17 പേരാണ് ഇന്ന് ജില്ലയിൽ നിരീക്ഷണത്തിലെത്തിയത്. ആരെയും ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടില്ല.