കട്ടപ്പന: കൊച്ചറയിൽ അന്യം നിന്നുപോയ ശർക്കര ഉൽപാദനം തിരിച്ചുപിടിക്കുകയാണ് ചെല്ലാർകോവിൽ കടുക്കാസിറ്റി തേവർതൊണ്ടിയിൽ തങ്കച്ചൻ എന്ന കർഷകൻ. വ്യവസായികാടിസ്ഥാനത്തിൽ ആരംഭിച്ച ശർക്ക ഉത്പ്പാദനം ഇദ്ദേഹം മികച്ച വരുമാനമാർഗമാക്കി മാറ്റി. മേഖലയിലെ മറ്റു കർഷകർ നാണ്യവിള കൃഷിയിലേക്കു വഴിമാറിയപ്പോൾ തങ്കച്ചൻ കരിമ്പുകൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 12 വർഷം മുമ്പ് പരീക്ഷണടിസ്ഥാനത്തിൽ തുടങ്ങിയ കരിമ്പുകൃഷിയും ശർക്കര നിർമാണവും ഇപ്പോൾ ലാഭകരമാണെന്ന് തങ്കച്ചൻ പറയുന്നു. കിലോഗ്രാമിന് 100 രൂപ നിരക്കിലാണ് ഇപ്പോൾ ശർക്കര വിൽക്കുന്നത്. ഉപ്പുരസം നിറഞ്ഞ തമിഴ്‌നാട് ശർക്കരയേക്കാൾ സ്വാദുള്ളതുകൊണ്ടും രാസവസ്തുക്കൾ ചേർക്കാത്തതിനാലും ആവശ്യക്കാർ ഏറെയാണെന്ന് കർഷകർ പറയുന്നു. ശർക്കര പാനി നിർമിക്കാൻ ഉപയോഗിച്ചിരുന്ന ചക്ക് മാറ്റി ഇപ്പോൾ മെഷീനുകളുടെ സഹായത്തോടെയാണ് പാനി വേർതിരിച്ചെടുക്കുന്നത്. ഉപഭോക്താക്കൾക്ക് ശർക്കര നിർമാണം നേരിൽക്കണ്ട് പരിശുദ്ധി ഉറപ്പാക്കാനുള്ള സൗകര്യവും കർഷകർ ഒരുക്കിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടുമുമ്പ് ഹൈറേഞ്ചിൽ സജീവമായിരുന്ന നാടൻ ശർക്കര വിപണി തിരിച്ചുകൊണ്ടുവരാനാണ് തങ്കച്ചന്റെ ശ്രമം. നിലവിൽ ജില്ലയിൽ മറയൂരിൽ മാത്രമാണ് വ്യാപകമായി കരിമ്പുകൃഷിയും ശർക്കര ഉത്പാദനവുമുള്ളത്.