മറയൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശബരിമല- പഴനി തീർത്ഥാടന പാതയിലെ മറയൂരിന്റെ അതിർത്തി ചെക്ക് പോസ്റ്റിൽ പരിശോധനയും നിരീക്ഷണവും ആരംഭിച്ചു. മറയൂർ കരിമുട്ടി ചെക്ക് പോസ്റ്റിലാണ് മറയൂർ പൊലീസും മറയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രവും 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളും വിദേശ വിനോദ സഞ്ചാരികളും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് മറയൂർ മൂന്നാർ സന്ദർശനത്തിനായി എത്തുന്നതിന് പ്രധാനമായും ആശ്രയിക്കുന്ന പാത ആയതിനാലാണ് പരിശോധനയും നിരീക്ഷണവും ആരംഭിച്ചിരിക്കുന്നത്. വിദേശികളുടെയും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ പൂർണ്ണമായ വിവരങ്ങൾ ചോദിച്ച് രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തമിഴ്‌നാടിന്റെ കേരളത്തോട് അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ വിദ്യാലയങ്ങൾക്ക് മുൻകരുതലിന്റെ ഭാഗമായി അവധി നൽകുകയും . കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്ന ഭാഗങ്ങളിലെ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് വാഹങ്ങൾ പരിശോധനടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്ന പ്രവർത്തങ്ങൾ തമിഴ്‌നാട് ആരോഗ്യ വകുപ്പ് ആരംഭിച്ചു. കേരളത്തിൽ നിന്നെത്തുന്ന വാഹനങ്ങൾ സോപ്പ് വെള്ളവും ആൽക്കലൈൻ ലായനിയും തളിച്ച ശേഷമാണ് തമിഴ്‌നാട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്.