വാഴത്തോപ്പ് : ജി.വി.എച്ച്.എസ്. വാഴത്തോപ്പിലെ ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികൾക്ക് ബ്രേക്ക് ചെയിനിന്റെ ഭാഗമായി ശരിയായ കൈകഴുകൽ രീതിയെക്കുറിച്ചുള്ള വിശദീകരണവും സാനിറ്റൈസർ നിർമ്മാണ പരിശീലനവും നൽകി. ജില്ലയിൽ സാനിറ്റൈസർ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഐസോ പ്രൊപൈൽ ആൽക്കഹോൾ ഉപയോഗിച്ച് സാനിറ്റൈസർ നിർമ്മിയ്ക്കുന്ന രീതിയാണ് വിശദീകരിച്ചത്. വൈറസുകളെ തടയുന്നതിനായി പാലിക്കേണ്ടുന്ന മുൻകരുതലുകളടങ്ങുന്ന ലഘുലേഖകളും കുട്ടികൾ ഇതോടൊപ്പം തയ്യാറാക്കും. സമൂഹത്തിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളെ അവഗണിക്കാനും ഓരോരുത്തരുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് ഓരോ കുട്ടികളുടെയും ഉത്തരവാദിത്വമാണെന്ന സാമൂഹ്യ കാഴ്ചപ്പാടും ഈ പരിശീലനത്തിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ.എ. ബിനുമോൻ പരിശീലനത്തിൽ സംബന്ധിച്ചു. സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസർ സുലൈമാൻ കുട്ടി കെ.എ. വിശദീകരണം നടത്തി. സമഗ്ര ശിക്ഷ അറക്കുളം ബി.പി.ഒ. മുരുകൻ വി. അയത്തിൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ടെസി ജോസഫ്, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.