തൊടുപുഴ : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ യൂണിവേഴ്‌സിറ്റി പരീക്ഷയടക്കം എല്ലാ പരീക്ഷകളും അടിയന്തിരമായി മാറ്റിവെയ്ക്കണമെന്ന് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസ്സനും ജനറൽ സെക്രട്ടറി അഡ്വ. ഷോൺ ജോർജ്ജും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദൂര സ്ഥലങ്ങളിൽ നിന്നും പഠിക്കാൻ വരുന്ന വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ താമസിക്കുന്ന ഹോസ്റ്റലുകൾ പലതും അടച്ചിരിക്കുകയാണ്. പ്രൈവറ്റ് ഹോസ്റ്റലുകൾ ജോലിക്കാരില്ലാതെ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ കിട്ടാതെയും രക്ഷിതാക്കളെ കൂടെ കൊണ്ടുപോയി പരീക്ഷ എഴുതേണ്ട അവസ്ഥയാണ് ഉള്ളത്. ആളില്ലാതെ നിർത്തിവെയ്ക്കുന്നതുമൂലം യാത്രാക്ലേശവും പ്രത്യേകിച്ച് ഹൈറേഞ്ച് ഏരിയകളിൽ അനുഭവപ്പെടുന്നു. പല പരീക്ഷ നടത്തിപ്പുകേന്ദ്രങ്ങളിൽ മതിയായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാതെയാണ് പരീക്ഷ നടത്തിവരുന്നത്. ഇത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്കയുളവാക്കുന്നു. പി.എസ്.സി. പരീക്ഷകൾ മാറ്റിവെച്ചിട്ടും യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റിവെയ്ക്കാൻ അധികൃതർ തയ്യാറാവാത്തത് ദുഃഖകരമാണെന്നും കോളേജ് വിദ്യാർത്ഥികളോടുള്ള അവഗണനയാണെന്നും അതിനാൽ എത്രയും പെട്ടെന്ന് പ്രൊഫഷണൽ പരീക്ഷകൾ ഉൾപ്പെടെ എല്ലാ പരീക്ഷകളും സർക്കാർ അടിയന്തിരമായി ഇടപെട്ട് മാറ്റിവെയ്ക്കണമെന്ന് അവർആവശ്യപ്പെട്ടു.