കുമളി : കൊറോണ രോഗബാധയ്‌ക്കെതിരെ പഴുതടച്ച മുൻകരുതൽ നടപടികൾ സ്വീകരിച്ച് അതിർത്തി പ്രദേശമായ കുമളി ഗ്രാമപഞ്ചായത്ത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ചെക്ക്‌പോസ്റ്റിൽ സ്‌ക്രീനിംഗ് ഉൾപ്പെടെ പരിശോധന കർശനമാക്കി.യാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തിൽ ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ചാണ് പനിയുണ്ടോയെന്ന് നോക്കുന്നത്. 13 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത ഇതര ജില്ലകളിൽ പോയി വന്നവരും ടൂറിസ്റ്റ് ടാക്‌സിയായി എയർപോർട്ടിൽ ഓട്ടം പോയി വന്നവരുമാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ ബാധിതരുമായി ഇവർക്കൊന്നും നേരിട്ട് ഇടപെടലുണ്ടായിട്ടില്ലെങ്കിലും പഴുതടച്ച മുൻകരുതൽ എന്ന നിലയിലാണ് ഇവരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് പറഞ്ഞു. അതു കൊണ്ടു സമീപവാസികളോ പൊതുജനങ്ങളോ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പ്രസിഡന്റ് അറിയിച്ചു.

അതിർത്തി ചെക്‌പോസ്റ്റിൽ
പരിശോധന ശക്തമാക്കി

കോവിഡ്19 വ്യാപിക്കുന്ന സാഹചര്യത്തിൽ ജില്ലയുടെ അതിർത്തി മേഖലയായ മറയൂരിൽ വാഹന പരിശോധന ശക്തമാക്കി. മറയൂർ പഞ്ചായത്ത്, പൊലീസ്, റവന്യു, ആരോഹ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കരിമുട്ടി ചെക്‌പോസ്റ്റിൽ പരിശോധന ആരംഭിച്ചിരിക്കുന്നത്. വിനോദ സഞ്ചാര മേഖലയായതുകൊണ്ട് അതിർത്തി കടന്നെത്തുന്ന യാത്രക്കാരെ പരിശോധിക്കുകയും മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയുമാണ് കടത്തിവിടുന്നത്. മാസ്‌ക്ക് ധരിപ്പിച്ചും കൈകൾ വൃത്തിയാക്കിയതിനു ശേഷവുമാണ് പ്രവേശനാനുമതി നൽകുന്നത്.

92 പേർ കൂടി നിരീക്ഷണത്തിൽ

കോവിഡ് 19 പശ്ചാത്തലത്തിൽ ജില്ലയിൽ ഇപ്പോൾ 92 പേർ നിരീക്ഷണത്തിലുണ്ട്. ആരെയും ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടില്ല.