ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കെ.എം ജലാലുദീൻ അവതരിപ്പിച്ചു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, മാലിന്യസംസ്‌കരണം, ഭവനനിർമ്മാണം തുടങ്ങിയ പദ്ധതികൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. 2,49,78,284 രൂപ മിച്ചം പ്രതീക്ഷിക്കുന്നു. റോഡുകളുടെ പുനരുദ്ധാരണത്തിന് 1 കോടി 30 ലക്ഷം രൂപയും കുടിവെള്ള പദ്ധതിക്കായി 30 ലക്ഷം രൂപയും റോഡുകളുടെ മെയിന്റൻസിനായി ഒരുകോടി എഴുപത്തിയേഴുലക്ഷത്തി അൻപതിനായിരം രൂപയും നീക്കിവച്ചിട്ടുണ്ട്. കാർഷിക മേഖലയ്ക്കായി 54,20000 രൂപ ഉൾപ്പെടുത്തി. ഭവനപദ്ധതിക്കായി 70 ലക്ഷം, തൊഴിലുറപ്പ് പദ്ധതിക്കായി 10 കോടി, ആരോഗ്യപരിപാലനത്തിന് 24 ലക്ഷം,വിദ്യാഭ്യാസത്തിന് 12.5 ലക്ഷം, മാലിന്യസംസ്‌കരണത്തിനായി 10 ലക്ഷം, പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിനായി 60 ലക്ഷം രൂപയും മാറ്റിവച്ചിട്ടുണ്ട്.ക്ഷീര വികസനത്തിനായി 12 ലക്ഷം, ദുർബല വിഭാഗങ്ങൾക്കും എസ്.സി.എസ്.റ്റി വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കുമായി 75 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി. അനിവാര്യ ചുമതലകൾക്കായി 3,76,55000 രൂപയും പദ്ധതിചെലവുകൾക്കായി 8 കോടി 82 ലക്ഷം രൂപയും മൂലധന വായ്പാ തിരിച്ചടവിനായി 60 ലക്ഷം രൂപയുമാണ് മാറ്റിവച്ചിരിക്കുന്നത്. പ്രസിഡന്റ് വി.എം. സെലിൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് എൽ അനിൽ കുമാർ പങ്കെടുത്തു.