കട്ടപ്പന: ബൈക്ക് മോഷ്ടിച്ചുകടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയടക്കം രണ്ടുപേരെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടയാർ നാങ്കുതൊട്ടി ഇലഞ്ഞിക്കൽ ശ്രീജിത്ത് ബിജു(23)വിനെയും ഇരട്ടയാർ സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിയെയുമാണ് ഇന്നലെ പിടികൂടിയത്. ഫെബ്രുവരി 16ന് വലിയതോവാള ക്രിസ്തുരാജ് പള്ളിയിലെ തിരുനാൾ ദിവസം രാത്രി 8.30ഓടെയാണ് എഴുകുംവയൽ കുമരംകോട് ബിജോ ജോണിന്റെ ഉടമസ്ഥതയിലുള്ള യമഹ ബൈക്ക് മോഷണം പോയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബൈക്കിന്റെ ചില ഭാഗങ്ങൾ ശ്രീജിത്തിന്റെ വീട്ടിൽ നിന്നു കണ്ടെടുത്തു. തുടർന്ന് ആളൊഴിഞ്ഞ പുരയിടത്തിൽ മൂടിയിട്ട നിലയിൽ ബൈക്കും കണ്ടെത്തി. വണ്ടൻമേട് എസ്.ഐ ഡിജു ജോസഫ്, എസ്.സി.പി.ഒമാരായ പി.ആർ. സുനിൽ, സുമേഷ് തങ്കപ്പൻ, സി.പി.ഒമാരായ ജോബി, ടിനോജ് എന്നിവരാണ് അന്വേഷണം നടത്തിയത്. ശ്രീജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.