മൂന്നാർ: ദിവസങ്ങൾക്ക് മുമ്പ് വരെ ആഭ്യന്തര- വിദേശ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ മൂന്നാറിലെ നിരത്തുകൾ കാറ്റുപോയ ബലൂൺ പോലെ ശൂന്യമായി മാറി. മൂന്നാറിലെത്തിയ യു.കെ പൗരന് കോവിഡ്- 19 സ്ഥിരീകരിച്ചെന്ന വാർത്ത പുറത്തുവന്നതോടെ ഹർത്താലിന് സമാനമായി സഞ്ചാരികളുടെ പറുദീസ. ആളുകളില്ലാത്തതിനാൽ വ്യാപാരസ്ഥാപനങ്ങൾ പലതും അടച്ചിട്ട നിലയിലാണ്. വിദേശി താമിസിച്ചിരുന്ന ടീ കൗണ്ടിന് സമീപത്തെ ഇക്കാനഗർ വിജനമായി. അങ്ങിങ്ങ് തുറന്ന കടകളിൽ തദ്ദേശവാസികളായ തോട്ടംതൊഴിലാളികളല്ലാതെ ആരുംതന്നെ എത്തുന്നില്ല. ഇങ്ങനെ പോയാൽ കടകൾ അനിശ്ചിതകാലത്തേക്ക് പൂട്ടിയിടേണ്ടിവരുമെന്ന് വ്യാപാരികൾ പറയുന്നു. വിനോദസഞ്ചാരികളെ മാത്രം ആശ്രയിച്ചിരുന്ന ഹോട്ടലുകൾ പലതും കഴിഞ്ഞ ദിവസം തന്നെ പൂട്ടി. ബാക്കിയുള്ള ഹോട്ടലുകളും ഭൂരിഭാഗം സുഗന്ധവ്യഞ്ജനക്കടകളും അടഞ്ഞ നിലയിലാണ്. തമിഴ്‌നാടടക്കമുള്ള അന്യസംസ്ഥാനത്തേക്കുള്ള വാഹനങ്ങളിൽ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. തമിഴ്‌നാട് സർക്കാർ ബസുകളിൽ രാവിലെ മൂന്നാറിലേക്കെത്താൻ യാത്രക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല.


അന്ന് പ്രളയം ഇപ്പോൾ കോവിഡ്

തുടർച്ചയായെത്തിയ രണ്ട് പ്രളയങ്ങളിൽ നടുവൊടിഞ്ഞ മൂന്നാറിലെ വിനോദസഞ്ചാരമേഖല ഈ വർഷം മെല്ലെ പച്ചപിടിച്ചു വരികയായിരുന്നു. അവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിൽ ധാരാളം വിനോദസഞ്ചാരികളെത്തുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. മുൻ വർഷങ്ങളിലെ നഷ്ടം ഈ വർഷം നികത്താമെന്ന പ്രതീക്ഷയിലായിരുന്നു. അതാണ് അപ്രതീക്ഷിതമായെത്തിയ കൊറോണ വൈറസ് തകർത്ത് കളഞ്ഞത്.

' പ്രളയം, നിപ, റെഡ് അലേർട്ടുകൾ, കോറോണ ഇവയെല്ലാം വിനോദസഞ്ചാരമേഖലയ്ക്കുണ്ടാക്കുന്ന ആഘാതം കനത്തതാണ്. വിനോദസഞ്ചാരികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ലക്ഷണക്കണക്കിന് പേരാണ് ഇതുമൂലം പ്രതിസന്ധിയാകുന്നത്. ഹോട്ടൽ വ്യവസായ മേഖല കഴിഞ്ഞ മൂന്ന് വർഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ഇല്ലാതാകുന്നത് ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ്. "

- അനീഷ് പി. വർഗീസ്

(മൂന്നാറിലെ ഹോട്ടലുടമ)​