മുട്ടം: മാത്തപ്പാറ ഭാഗത്ത് അപകടാവസ്ഥയിലായിരുന്ന ട്രാൻസ്ഫോമർ നന്നാക്കി. മുട്ടം, കരിങ്കുന്നം പഞ്ചായത്ത്‌ പ്രദേശങ്ങളിലേക്ക് കുടി വെള്ളം എത്തിക്കുന്ന പമ്പ് ഹൗസിലേക്കും മാത്തപ്പാറ, അമ്പാട്ട് കോളനി പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണം നടത്തുന്നതിന് വേണ്ടി സ്ഥാപിച്ച ട്രാൻസ്ഫോമർ ഏതാനും ആഴ്ച്ചകളായി അപകടാവസ്ഥയിലായിരുന്നു.ട്രാൻസ്ഫോമറിന്റെ അടിഭാഗത്ത് കുഴിയുണ്ടായി ട്രാൻസ്ഫോമറിൽ നിന്നുള്ള ആസിഡ് കലർന്ന ഓയിൽ വ്യാപകമായി താഴേക്ക് ഒലിച്ചിറങ്ങുന്ന അവസ്ഥയായിരുന്നു.ഇത് മലങ്കര അണക്കെട്ടിലെ വെള്ളത്തിലേക്കാണ് വ്യാപകമായി ഒഴുകിയെത്തിയിരുന്നത്. കൂടാതെ ട്രാൻസ്ഫോമറിന്റെ കേബിൾ ഉരുകി ദ്രവിച്ച് അടുക്കാൻ കഴിയാത്ത അവസ്ഥയുമായിരുന്നു. ഇതേ തുടർന്ന് മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നതിന് എല്ലാ ദിവസവും തടസം നേരിട്ടു. ഇത് സംബന്ധിച്ച് വ്യാപകമായ ആക്ഷേപം നിലനിന്നിരുന്നു.ഇന്നലെ രാവിലെ 10 ന് ആരംഭിച്ച പണികൾ ഉച്ചക്ക് 2 ന് അവസാനിച്ചെങ്കിലും ട്രാൻസ്ഫോമറിൽ ഓയിൽ പൂർണ്ണമായും മാറ്റിയതിനാൽ വൈകിട്ട് 4 മണിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.