മുട്ടം: തുടങ്ങനാട്- പഴയമറ്റം ഭാഗത്ത് കൃഷിയിടങ്ങളിലും, വീട്ടിലും വാനര ശല്യം രൂക്ഷം. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന വാനരന്മാർ ചക്ക , തേങ്ങ, മാങ്ങ, വാഴക്കുല തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുന്നു. ഉയരം കൂടിയ തെങ്ങുകളിൽ വരെ കയറി തേങ്ങ കുലയോടെ അടർത്തി ഇടുന്നു.വീടിന് സമീപമെത്തുന്ന വാനരൻമാർ വീട്ടുമുറ്റത്ത് വെച്ചിരിക്കുന്ന സാധനങ്ങൾ കൈക്കലാക്കി കടന്നു കളയുന്നു.ഇവർ ഉപദ്രവിക്കുമെന്ന പേടിയിൽ കുട്ടികളെ പുറത്തിറക്കുവാൻ ഇവിടുത്തുകാർക്ക് ഭയമാണ്. ഇല്ലിചാരി മലമുകളിൽ നിന്നാണ് വാനരന്മാർ എത്തുന്നത്. വേനൽ കനത്തതോടെ വെള്ളം തേടിയാണ് ഇവ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.ഓടിച്ച് വിടുമ്പോൾ തത്കാലം പിൻ വാങ്ങുന്ന ഇവ പിന്നീട് വീണ്ടും എത്തുന്നു. കൃഷികൾക്കും, സാധാരണ ജീവിതത്തിനും ഭീഷണിയായ വാനരപടയെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.