കട്ടപ്പന: പനിയും ചുമയും ബാധിച്ച യുവാവിനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കി. ഹൈറേഞ്ച് സ്വദേശിയായ യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്. ഇന്നലെ രാവിലെയാണ് ഇയാൾ ചികിത്സയ്ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിയത്. കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശമുള്ളതിനാൽ യുവാവിനെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പരിശോധനകൾ നടത്തി സ്രവം എടുത്തശേഷം മരുന്നുകൾ നൽകി ആംബുലൻസിൽ തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. സ്രവം പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.
രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രാഥമിക പരിശോധനയ്ക്കുശേഷം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കാനാണ് ഡി.എം.ഒ, താലൂക്ക് ആശുപത്രി സൂപ്രണ്ടിനു നൽകിയിട്ടുള്ള നിർദേശം. കോവിഡ്19 നു സമാനമായ രോഗലക്ഷണമായതിനാൽ നഗരത്തിൽ വ്യാജ വാർത്തകളും പ്രചരിച്ചിരുന്നു.